news

1. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ രമ്യയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് അന്വേഷണ സംഘത്തോട് രമ്യ ഹരിദാസ്. നിയമ നടപടിയുമായി മുന്നോട്ട് പോകും എന്നും പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തി എന്നായിരുന്നു രമ്യ ഹരിദാസിന്റെ പരാതി

2. രമ്യാഹരിദാസിന് എതിരായ പരാമര്‍ശത്തില്‍ എ. വിജയരാഘവന് എതിരെ നടപടി തുടങ്ങി സംസ്ഥാന വനിതാ കമ്മിഷന്‍. സംഭവത്തില്‍ ലോ ഓഫീസറോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. വിജയ രാഘവന് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് അധ്യക്ഷ എം.സി ജോസഫൈന്‍. സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്നും കമ്മിഷന്‍ അധ്യക്ഷ. ഇടതു മുന്നണിയെ വെട്ടിലാക്കിയത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പൊന്നാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നടത്തിയ മോശം പരാമര്‍ശം.

3. വ്യക്തരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചെന്നും ആയിരുന്നു വിജയരാഘവന്റെ വിശദീകരണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിജയരാഘവന് എതിരെ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വിജയരാഘവന്‍ ജാഗ്രത പാലിക്കണം ആയിരുന്നു എന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം എന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം. സ്ത്രീകളെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്ന് സീതാറാം യെച്ചൂരി.

4. പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന അമികസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി കെ.എസ്.ഇ.ബി. അമികസ്‌ക്യൂരിക്ക് എല്ലാ തെളിവുകളും നല്‍കി എന്ന് ചെയര്‍മാന്‍ എന്‍.എസ്.പിള്ള. അമികസ്‌ക്യൂരി നിരീക്ഷണം ഏത് സാഹചര്യത്തില്‍ എന്ന് അറിയില്ല. മുന്നറിയിപ്പുകള്‍ നല്‍കിയതിന്റെ എല്ലാ രേഖകളും അമികസ്‌ക്യൂരിക്ക് കൈമാറിയിരുന്നു. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍

5. കേരളത്തെ നടുക്കിയ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാളിച്ച എന്ന് ആയിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഡാം തുറന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ഡാമുകള്‍ തുറന്നതില്‍ പാളിച്ച സംഭവിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി. വേണ്ടത്ര മുന്നറിയിപ്പുകള്‍ ഇല്ലാതെ ആണോ ഡാം തുറന്നത് എന്ന് അന്വേഷിക്കണം

6. മഴയുടെ വരവ് കണക്കാക്കുന്നതിലും പാളിച്ച സംഭവിച്ചു. ഡാമുകളില്‍ ചെളിയടിഞ്ഞതും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴച പറ്റിയത് പരിശോധിക്കാന്‍ പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ ഉള്ളത്. അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത് ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍

7. മഹാപ്രളയത്തിന് കാരണം ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടത് എന്ന അമികസ്‌ക്യൂരി റിപ്പോര്‍ട്ടിനെ ആയുധമാക്കി പ്രതിപക്ഷം. അമികസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞത്, പ്രളയ കാലത്ത് യു.ഡി.എഫ് സ്വീകരിച്ച നിലപാടുകളും ശരി എന്ന്. 480 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണ്. സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുകേടും ആണ് ഇത്രവലിയ ദുരന്തത്തിന് വഴിതെളിച്ചത് എന്ന് വ്യക്തമായെന്നും ചെന്നിത്തല

8. അമികസ്‌ക്യൂരി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. എം.എം.മണിക്ക് വൈദ്യുതി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. ഇത്രയും ആയിട്ടും മണിക്ക് പശ്ചാതാപം തോന്നാത്തത് അത്ഭുതകരം എന്നും മുനീര്‍

9. അതേസമയം, ഡാം തുറന്ന വീഴ്ച സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് മന്ത്രി എം.എം.മണി. അമികസ്‌ക്യൂരി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. പ്രതികരിക്കാന്‍ ഇല്ലെന്നും മണി. അമികസ്‌ക്യൂരി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അതേകുറിച്ച് പ്രതികരിക്കാം എന്ന് ധനമന്ത്രി തോമസ് ഐസക്. റിപ്പോര്‍ട്ട് ആദ്യം വരട്ടെ അതിനു ശേഷം അഭിപ്രായം പറയാം എന്നും തോമസ് ഐസക്

10. പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിമര്‍ശനത്തിന് ഇടയാക്കിയത്, ഇന്നലെ കേസില്‍ വാദം പറയാന്‍ തയ്യാര്‍ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാര്‍ അല്ല എന്ന് അറിയിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ഹൈക്കോടതി വാദത്തോട് തീര്‍ത്തും ലജ്ജാകരം എന്നാണ് പ്രതികരിച്ചത്

11. സര്‍ക്കാര്‍ ശ്രമിക്കുന്നത്, ഫോറം ഷോപ്പിംഗിന് എന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. കേസ് ഇനി വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാം എന്നും കോടതി. ഇന്നലെ വാദത്തിനിടെ സര്‍ക്കാര്‍ ഒറ്റത്തവണ നികുതി സ്വീകരിച്ചതിന് എതിരെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. വാദം തുടര്‍ന്നാല്‍ തിരിച്ചടി ആവും എന്ന പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാരിന്റെ താത്കാലിക പിന്മാറ്റം