വാരണാസി: യു.പിയിലെ വാരണാസിയിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. 23കാരനായ ഗൗരവ് സിംഗ് ആണ് മരിച്ചത്.സർവകലാശാല കാമ്പസിനുള്ളിൽ ഹോസ്റ്റൽ ഗേറ്റിന് സമീപത്തുവച്ചാണ് ഗൗരവിന് വെടിയേറ്റത്. സംഭവത്തിൽ സർവകലാശാലയിലെ തന്നെ നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഹോസ്റ്റലിന് മുമ്പിൽ സുഹൃത്തുക്കളുമായി സംസാരിച്ചുനിന്നിരുന്ന ഗൗരവിന് നേർക്ക് ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വയറ്റിൽ മൂന്നുതവണ വെടിയേറ്റ ഗൗരവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു. സർവകലാശാലയിലെ വനിതാ ഭരണാധികാരിയുടെ പേരും മരണത്തിന് പിന്നിൽ ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഗൗരവിനെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. അക്രമത്തിനിടെ ബസ് കത്തിച്ചുവെന്നായിരുന്നു ഗൗരവിനെതിരായ ആരോപണം. അതേസമയം, വ്യക്തിപരമായ വിദ്വേഷമാകാം കൊലയ്ക്ക് പിന്നിലെന്ന് വാരണാസി പൊലീസ് തലവൻ ആനന്ദ് കുൽക്കർണി അറിയിച്ചു.