കൊല്ലം: കൊല്ലം തീരക്കടലിൽ എൻജിൻ ഘടിപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ ബോട്ടിടിച്ച് തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം പള്ളിത്തോട്ടം ഗലീലയോ കോളനിയിൽ അലക്‌സാണ്ടറുടെ മകൻ ബൈജുവാണ് (43) മരിച്ചത്. ഇതേ കോളനിയിലെ റെയ് മണ്ട്, ഡാനിയേൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ നാലരയോടെ തങ്കശേരി ഹാർബറിൽ നിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. നിറുത്താതെ പോയ ബോട്ടിനായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കൊല്ലം ഹാർബറിൽ നിന്ന് പുറപ്പെട്ട കാണിക്ക മാതാ എന്ന യന്ത്രവത്കൃത വള്ളത്തിലാണ് മൂന്നുപേരും കടലിൽ പോയത്. വള്ളം തകർന്ന് കടലിലായ മൂന്നുപേരെയും സമീപത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരു ബോട്ടുകാരാണ് രക്ഷിച്ചത്. പുറം കടലിൽ നിന്ന് മറ്റൊരു വള്ളത്തിലാണ് മൂന്നുപേരെയും രാവിലെ അഞ്ചരയോടെ പോർട്ട് കൊല്ലം ഭാഗത്ത് എത്തിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ ബോട്ടുകാർ വിവരം വയർലെസ് സന്ദേശത്തിലൂടെ കോസ്റ്റൽ പൊലീസിന് കൈമാറിയിരുന്നു. പള്ളിത്തോട്ടം സി.ഐ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ ആംബുലൻസുമായി കാത്തുനിന്ന പൊലീസ് സംഘം മൂന്നുപേരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബൈജു മരിച്ചു.
ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബൈജുവിന്റെ മൃതദേഹം വൈകട്ടോടെ പോർട്ട് ചർച്ചിൽ സംസ്‌കരിച്ചു. ജൂലിയറ്റ് ആണ് ബൈജുവിന്റെ
ഭാര്യ. മക്കൾ : അജിൻ, അബിൻ.
കൊച്ചി നാവിക ആസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷൻ ടീമിനെ വിവരം അറിയിച്ചതിനെ തുടർന്ന് നിറുത്താതെ പോയ ബോട്ടിനായി തെരച്ചിൽ ഊർജ്ജിതമാക്കി. ശക്തികുളങ്ങര ഹാർബറിലേക്ക് വരികയായിരുന്ന ബോട്ടാണ് ഇടിച്ചതെന്നാണ് സംശയം. ശക്തികുളങ്ങര ഹാർബറിലെ ചില ബോട്ടുകൾ കോസ്റ്റൽ പൊലീസ് ഇന്നലെ പരിശോധിച്ചു. ഉൾക്കടലും മറ്റ് ഹാർബറുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ബോട്ട് ഇന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
പരിക്കേറ്റ രണ്ടുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.