കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിൽ കോഴിക്കോട് മണ്ഡലത്തിലെ എം.പിയുമായ എം.കെ രാഘവനെതിരെ കോഴ ആരോപണം. ദേശീയ മാദ്ധ്യമത്തിന്റെ സ്റ്റിംഗ് ഒാപ്പറേഷനിലാണ് എം.കെ രാഘവൻ കുടുങ്ങിയത്. പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ദേശീയ ചാനൽ പുറത്തുവിട്ടു. കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിനായി സ്ഥലം ഏറ്റെടുത്ത് നൽകാനാണ് രാഘവൻ കോഴ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
മാർച്ച് 10 ന് ദേശീയ മാദ്ധ്യമം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. തിരഞ്ഞടുപ്പ് ചിലവിനായി 20 കോടി വേണ്ടിവരുമെന്നും രാഘവൻ പറയുന്നുണ്ട്. ഇതിൽ 2 കോടി പാർട്ടി ഫണ്ട് നൽകുമെന്ന് രാഘവൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തനിക്ക് 20 കോടിയോളം രൂപ ചെലവായെന്നും വോട്ടർമാർക്ക് മദ്യം നൽകേണ്ടതിനാൽ പണം ആവശ്യമാണെന്നും രാഘവൻ വീഡിയോയിൽ വ്യക്തമാക്കുന്നു.
നിലവിൽ കോഴിക്കോട് എം.പിയായ രാഘവൻ കോഴിക്കോടുള്ള സ്വന്തം വസതിയിൽ വെച്ചാണ് കോഴ ആവശ്യപ്പെട്ടത്. പണം നൽകുന്ന കാര്യം ന്യൂഡൽഹിയിലെ സെക്രട്ടറിയുമായി സംസാരിക്കാനും രാഘവൻ തന്നെ സമീപിച്ചവരോട് പറയുന്നുണ്ട്.