54,000 ജീവനക്കാരെ കുറയ്ക്കാൻ വിദഗ്ദ്ധ സമിതിയുടെ നിർദേശം
അന്തിമ തീരുമാനം കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പുതിയ സർക്കാരെടുക്കും
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ചുവിടണമെന്ന് വിദഗ്ദ്ധ സമിതിയുടെ നിർദേശം. കഴിഞ്ഞമാസമാണ് ബി.എസ്.എൻ.എൽ ഡയറക്‌ടർ ബോർഡിന് മുമ്പാകെ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. ഫലത്തിൽ, കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പുതിയ സർക്കാരായിരിക്കും സമിതിയുടെ നിർദേശത്തിന്മേൽ അന്തിമ തീരുമാനമെടുക്കുക.
റിപ്പോർട്ടിലെ പത്ത് നിർദേശങ്ങളിൽ ജീവനക്കാരെ കുറയ്‌ക്കുന്നത് ഉൾപ്പെടെ മൂന്ന് നിർദേശങ്ങളാണ് ബോർഡ് പരിഗണിച്ചത്. വിരമിക്കൽ പ്രായം 60ൽ നിന്ന് 58 ആയി കുറച്ചും 50 വയസിനുമേൽ പ്രായമുള്ളവർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള സാഹചര്യം (വി.ആർ.എസ്) ഒരുക്കിയും ജീവനക്കാരെ കുറയ്‌ക്കണമെന്നാണ് നിർദേശം. ഈ നടപടികളിലൂടെ 54,451 പേർ ബി.എസ്.എൻ.എല്ലിൽ നിന്ന് പുറത്തുപോകുമെന്നാണ് വിലയിരുത്തൽ. കമ്പനിയിൽ ആകെയുള്ള 1,74,312 ജീവനക്കാരിലെ 31 ശതമാനമാണിത്. ഇവർ പുറത്തു പോകുന്നതോടെ, ജീവനക്കാരുടെ ശരാശരി പ്രായം 55 ആകും. അടുത്ത ആറു വർഷത്തിനകം ബി.എസ്.എൻ.എല്ലിന് 13,895 കോടി രൂപ ലാഭിക്കാനുമാകും. 4ജി സ്‌പെക്‌ട്രം നേടാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ബി.എസ്.എൻ.എല്ലിന്റെ നിർണായക ഡയറക്‌ടർ ബോർഡ് യോഗം ഇന്നു ചേരും. 2018-19ലെ പ്രവർത്തനഫലമാണ് പ്രധാന ചർച്ചയാവുക. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും ചർച്ചയായേക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനായി ഫെബ്രുവരിയിൽ 850 കോടി രൂപയുടെ സഹായം കേന്ദ്രസർക്കാരിൽ നിന്നാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു അത്. എന്നാൽ, മാർച്ചിലെ ശമ്പളം കൃത്യസമയത്ത് കൊടുക്കാനുള്ള സമ്പദ്‌സ്ഥിതിയിലേക്ക് കമ്പനി തിരിച്ചെത്തിയെന്ന അഭിപ്രായമാണ് ബി.എസ്.എൻ.എല്ലിനുള്ളത്.