മുംബയ്: ആർ.എസ്.എസ് നൽകിയ മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്കും സീതാറാം യെച്ചൂരിക്കും മുംബയ് താനെ കോടതിയുടെ സമൻസ്. ഈ മാസം 30ന് മുമ്പായി ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആർ.എസ്.എസ് കേസ് നൽകിയത്. സിവിൽ മാനനഷ്ട കേസാണ് രാഹുലിനും യെച്ചൂരിക്കുമെതിരെയുള്ളത്. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഗൗരി ലങ്കേഷിന്റെ മരണത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന രാഹുലിന്റെയും യെച്ചൂരിയുടെയും പ്രസ്താവനയാണ് കേസിനാധാരം. ഇതേ പ്രശ്നത്തിൽ യെച്ചൂരിക്കും രാഹുലിനും എതിരെ മറ്റൊരു കേസ് കൂടി നിലനിൽക്കുന്നുണ്ട്. മുംബയിൽ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ ക്രിമിനൽ കേസാണ് ഇരുവർക്കുമെതിരെയുള്ളത്.