കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. അസമിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇരുവരും റോഡ് മാർഗം കോഴിക്കോട്ടേക്ക് തിരിച്ചു.
പ്രിയങ്ക ഗാന്ധിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യം എത്തിയത്. തുടർന്ന് എയർപോർട്ട് ലോഞ്ചിൽ സഹോദരനും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് വേണ്ടി കാത്തിരുന്നു. ഒമ്പതരയോടെ എത്തിയ രാഹുൽ ഗാന്ധിയുമായി ഇരുവരും റോഡ് മാർഗംഗം കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,.കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിന് മുൻപിൽ എത്തിയത്.
രാത്രി കോഴിക്കോട് തങ്ങിയ ശേഷം രാഹുലും സംഘവും ഹെലികോപ്ടർ മാർഗം വ്യാഴാഴ്ച രാവിലെ വയനാട്ടിലേക്ക് തിരിക്കും. രാവിലെ പത്തോടെ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടുന്ന് 400 മീറ്റർ മാത്രമാണ് പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം. കൽപറ്റ ടൗണിൽ റോഡ് ഷോ നടത്തിയാണ് രാഹുൽ പത്രിക നൽകാനെത്തുക എന്നാണ് സൂചന. സന്ദർശന ഭാഗമായി കനത്ത സുരക്ഷയാണ് കൽപറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്.
എസ്.പി.ജി എ.ഐ.ജി ഗുർമീത് ഡോറ്ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ, പൊലീസിന്റെ വൻപടയും സുരക്ഷയൊരുക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുലിന്റെ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. പത്രിക സമർപ്പണത്തിന് എ.കെ. ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ അനുഗമിക്കും.
രാഹുൽ ഗാന്ധിയോടൊപ്പം നാലു പേർക്ക് മാത്രമേ കളക്ടറുടെ ചേംബറിലേക്ക് കയറാൻ അനുമതിയുള്ളൂ. മാദ്ധ്യമപ്രവർത്തകർക്കും കടുത്ത നിയന്ത്രണമുണ്ട്. പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കലക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ജീവനക്കാരുടേത് ഉള്പ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
നോമിനേഷൻ കൊടുത്തതിനു ശേഷം രാഹുൽ സമീപത്തെ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും.