somaya

കിരിത്ത് സോമയ്യ സ്വ‌പ്‌നത്തിൽപ്പോലും കരുതിയതല്ല, മുംബയ് നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ സീറ്റ് കൈമോശം വരുമെന്ന്. സിറ്റിംഗ് എം.പി ആയ സോമയ്യ ബി.ജെ.പി തീരുമാനം വരുന്നതിനു മുമ്പേ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ഇന്നലെ അപ്രതീക്ഷിതമായായിരുന്നു പാർട്ടി പ്രഖ്യാപനം: സോമയ്യയ്‌ക്കു ടിക്കറ്റില്ല. പകരം, മനോജ് കോട്ടക് മത്സരിക്കും! സോമയ്യയ്‌ക്ക് പാരയായത്, മുമ്പ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് എതിരെ നടത്തിയ പരാമർശങ്ങൾ.

ഇത്തവണയും സോമയ്യയ്‌ക്കു തന്നെ സ്ഥാനാർത്ഥിത്വം നൽകാനായിരുന്നു ബി.ജെ.പി ഉദ്ദേശിച്ചിരുന്നതെങ്കിലും, ശിവസേന എതിർത്തു. മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സേനയും വെവ്വേറെ മത്സരിച്ച സമയത്തായിരുന്നു സോമയ്യയുടെ താക്കറെവിരുദ്ധ പ്രസ്‌താവന എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? പോയതു പോയി. മനോജ് കോട്ടക് ആണെങ്കിൽ സോമയ്യയുടെ ബദ്ധവൈരിയും!

മുംബയിലെ ആറ് ലോക്‌സഭാ സീറ്റുകളിൽ മൂന്നിടത്ത ബി.ജെ.പിയു ബാക്കി മൂന്നിടത്ത് ശിവസേനയുമാണ് ഇത്തവണ സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ മൂന്നു സീറ്റിൽ, സിറ്റിംഗ് എം.പിമാരിൽ ഒഴിവാക്കപ്പെട്ടത് സോമയ്യ മാത്രം. ഉദ്ധവ് താക്കറെയെക്കുറിച്ച്, ബാന്ദ്രയിലെ ചക്രവർത്തി എന്നായിരുന്നു സോമയ്യയുടെ നേരത്തേയുള്ള കമനന്റ്. താക്കറെയുടെ കുടുംബവീടായ മാതോശ്രീ ബാന്ദ്രയിലാണ്.

സോമയ്യയ്‌ക്ക് ഇത്തവണ ടിക്കറ്റ് നൽകിയാൽ പ്രചാരണത്തിൽ നിന്ന് പിന്മാറുമെന്നായിരുന്നു ശിവസേനയുടെ ഭീഷണി. ഭാണ്ഡൂപിൽ നിന്നുള്ള സേനാ എം.എൽ.എ സുനിൽ റൗത്ത് ആകട്ടെ, സോമയ്യയെ സ്ഥാനാർത്ഥിയാക്കിയാൽ താൻ അവിടെപ്പോയി സ്വതന്ത്രനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും നൽകി. കടുത്ത സമ്മർദ്ദത്തിലാണ് സോമയ്യയെ പിൻവലിക്കാൻ ബി.ജെ.പി നിർബന്ധിതമായതെന്ന് വ്യക്തം.

പാർട്ടിയോട് കൂറുള്ളയാൾ ആയതുകൊണ്ട്, സോമയ്യയ്‌ക്ക് ഉചിതമായ പദവി നൽകുമെന്ന് ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. സോമയ്യയ്‌ക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെക്കുറിച്ചാകട്ടെ, ഒരു പ്രതികറണത്തിനും ഭണ്ഡാരി മുതിർന്നില്ല. എല്ലാം കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം. മുംബയ് കോർപ്പറോഷൻ കൗൺസിലർ ആണ് സോമയ്യയെ ഔട്ടടിച്ച് ടിക്കറ്റ് കൈപ്പറ്റിയ മനോജ് കോട്ടക്. സോമയ്യ ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണം.