modi-

കൊൽക്കത്ത: പശ്ചിമ ബംഗാളന്റെ വികസനം തടസപ്പെടുത്തുന്ന സ്പീഡ് ബ്രേക്കറാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എക്സപയരി ബാബുവെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച് മമത ബാനർജി.

പശ്ചിമ ബംഗാളിൽ ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്, 'ദീദി' എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നൊരാളാണത്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്- മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' ഉപേക്ഷിച്ച മമത ബാനർജിയെ മോദി കടന്നാക്രമിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന പദ്ധതി 'സ്പീഡ് ബ്രേക്കർ' ദീദി എന്തു ചെയ്തു? പാവപ്പെട്ടവർക്ക് പ്രയോജനകരമായ പദ്ധതി അവർ തകർത്തു. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ബി.ജെ.പിയുടെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്ന മോദി. ഇതിന് മറുപടിയുമായാണ് മമത രംഗത്തെത്തിയത്.

മോദിയെ പ്രധാനമന്ത്രിയെന്ന് വിളിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്ന് കൂച്ച് ബെഹാർ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജി പറഞ്ഞു. അദ്ദേഹം 'എക്‌സ്പയറി ബാബു'വാണ്. അദ്ദേഹത്തിന്റെ സർക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്നും അവർ പരിഹസിച്ചു. മോദി സർക്കാർ അഞ്ചു വര്‍ഷംകൊണ്ട് എന്തുചെയ്തുവെന്ന് ആദ്യം വ്യക്തമാക്കൂവെന്ന് മമത പറഞ്ഞു.

താൻ മോദിയല്ല, കള്ളം പറയില്ല. പശ്ചിമബംഗാൾ സര്‍ക്കാരിനെപ്പറ്റി തെറ്റായ കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി പറഞ്ഞതെന്നും മമത ആരോപിച്ചു.