ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡെക്കാൻ ഹെറാൾഡാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. കമ്പനി തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നാണ് സൂചന. കേന്ദ്രസർക്കാരുമായി കഴിഞ്ഞ മാർച്ചിൽ നടത്തിയ യോഗത്തിൽ ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തീരുമാനം രഹസ്യമാക്കി വയ്‌ക്കാനാണ് കേന്ദ്രസർക്കരിന്റെ നിർദ്ദേശം. ഇതിന് പുറമെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58ലേക്ക് മാറ്റാനും ബി.എസ്.എൻ.എൽ തീരുമാനിച്ചിട്ടുണ്ട്.