mk-raghavan-

കോഴിക്കോട്: തനിക്കെതിരായി ടിവി 9 ചാനൽ നടത്തിയ ഒളികാമറ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എം.കെ രാഘവൻ. തന്റെ കൈകൾ പരിശുദ്ധമാണെന്നും ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും എം.കെ. രാഘവൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിൽ പറഞ്ഞു.

വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നൽകുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാൻ സാധിക്കുമെങ്കിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകിൽ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങൾ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേർക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടൻ പരാതി നല്‍കും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസുകാർ എന്ന വ്യാജേന എത്തിയ മാദ്ധ്യമ പ്രവർത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിങ്കപ്പൂർ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.