കോഴിക്കോട്: കോഴിക്കോട് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ. രാഘവനെതിരെ ഒളികാമറ ഓപ്പറേഷൻ. ടി.വി9 എന്ന ചാനൽ പുറത്തുവിട്ട വാർത്തയിൽ ഇലക്ഷൻ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
എന്നാൽ ആരോപണം നിഷേധിച്ച രാഘവൻ ചീഫ് ഇലക്ഷൻ കമ്മിഷണറർക്കും വരണാധികാരിയായ കോഴിക്കോട് ജില്ല കളക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
വ്യാജ വീഡിയോയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് എം.കെ. രാഘവൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് കാലമായി തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചരണമുണ്ടായിട്ടുണ്ട്. ഈ വീഡിയോ കൃത്രിമമായി എഡിറ്റ് ചെയ്താണ് നൽകിയിട്ടുള്ളത്. ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ തയാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് തനിക്ക് മുൻപരിചയമില്ലാത്ത രണ്ട് പേർ വീട്ടിൽ കാണാനെത്തിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. തിരക്കിലായതിനാൽ സംഭാഷണം വേഗത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. പറയാത്ത കാര്യങ്ങൾ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേർക്കുകയാണുണ്ടായത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽകൊണ്ടുവരും. സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന വ്യാജപ്രചരണത്തിനെതിരെയും പരാതി നൽകിയതായി രാഘവൻ പറഞ്ഞു.
കോഴിക്കോട്ട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവ മാദ്ധ്യമപ്രവർത്തകരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് ടി.വി9 റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് പണം നൽകണമെന്നും ന്യൂഡൽഹിയിലെ ഓഫീസ് സെക്രട്ടറിയുടെ പക്കൽ ഏൽപിക്കണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടതായാണ് വാർത്ത.