തിരുവനന്തപുരം: കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാവും തലസ്ഥാനത്തെ 90 ബൂത്തുകളിലെ വോട്ടെടുപ്പ്. തുടർച്ചയായി അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാകോട്ടയൊരുക്കാൻ കേന്ദ്ര സേന നഗരത്തിലെത്തി. 93 അംഗങ്ങളുള്ള ഒരു കമ്പനി സി.ഐ.എസ്.എഫ് ആണ് ആദ്യമെത്തിയത്. അഞ്ച് കമ്പനി സി.ആർ.പി.എഫ് ഉടനെത്തും. ഗുണ്ടാതാവളങ്ങളുള്ള കഴക്കൂട്ടം മേഖലയിൽ കേന്ദ്രസേന ഇന്നലെ റൂട്ട്മാർച്ച് നടത്തി. എ.കെ-47, ഇൻസാസ് റൈഫിൾ, ഇറ്റാലിയൻ ബരേറ്റാ അടക്കമുള്ള തോക്കുകളുമായാണ് കേന്ദ്രസേന എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്ന സുരക്ഷാക്രമീകരണങ്ങൾ സിറ്റി പൊലീസ് ഉന്നതരുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. പൊലീസ് ട്രെയിനിംഗ് കോളേജ് ബാരക്കിൽ തങ്ങുന്ന കേന്ദ്രസേന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ.
19 സ്ഥലങ്ങളിലെ 35 ബൂത്തുകൾ എപ്പോഴും അടിപൊട്ടാവുന്ന തരത്തിൽ അതീവപ്രശ്നബാധിതമാണ്. 55 ബൂത്തുകൾ പ്രശ്നമുണ്ടാകാനിടയുള്ള സെൻസിറ്റീവ് ബൂത്തുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഇവിടങ്ങളിൽ ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. നേമം, കരമന, പൂജപ്പുര, വിഴിഞ്ഞം, ശ്രീകാര്യം, പൂന്തുറ, അടിമലത്തുറ, വിഴിഞ്ഞം, എടയാർ, വട്ടിയൂർകാവ്, തുമ്പ, വേളി, കഴക്കൂട്ടം, മേനംകുളം തുടങ്ങിയിടങ്ങളിലാണ് അതീവപ്രശ്നബൂത്തുകളേറെയും. ഈ ബൂത്തുകളിൽ രണ്ടു വീതം കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കും. ആധുനിക നിരീക്ഷണസംവിധാനങ്ങളും ഒരുക്കും. കൂടുതൽ അക്രമസംഭവങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. പ്രശ്നബാധിത മേഖലകളിൽ സായുധസേനയെയും കൂടുതൽ പൊലീസിനെയും നിയോഗിക്കും.
തലസ്ഥാന നഗരത്തിൽ 79 കെട്ടിടങ്ങളിലായി ആയിരത്തോളം പോളിംഗ് കേന്ദ്രങ്ങളാണുള്ളത്. സവിശേഷമായ രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവജാഗ്രത പാലിക്കണമെന്നാണ് പൊലീസിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പലേടത്തും ശക്തമായ ത്രികോണമത്സരമാണെന്നതാണ് സംഘർഷസാദ്ധ്യതയ്ക്കുള്ള പ്രധാനകാരണം. തീരദേശമേഖലയിലടക്കമുള്ള പ്രശ്നബാധിത ബൂത്തുകളിൽ ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവ ഏർപ്പെടുത്തും. ഡി.ജി.പി, ഐ.ജി എന്നിവരുടെ സ്ട്രൈക്കിംഗ് ഫോഴ്സും തലസ്ഥാനത്തുണ്ടാവും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ കാമറാ നിരീക്ഷണ സംവിധാനമൊരുക്കും. മുൻതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മൊത്തം പോൾചെയ്ത വോട്ടിന്റെ 75 ശതമാനം ലഭിച്ച ബൂത്തുകൾ, റീപോളിംഗ് നടന്ന ബൂത്തുകൾ, അക്രമസംഭവങ്ങളുണ്ടായ ബൂത്തുകൾ, കുടുംബാംഗങ്ങൾ സ്ഥലത്തില്ലാത്ത വോട്ടർമാർ കൂടുതലുള്ള ബൂത്തുകൾ, മാവോയിസ്റ്റ് സാന്നിദ്ധ്യം, സ്ഥാനാർത്ഥികൾ എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കുന്നത്.
രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കുന്ന പട്ടിക പൊലീസ്, ചീഫ് ഇലക്ടറൽ ഒാഫീസർക്കും കളക്ടർക്കും നൽകും. കളക്ടറാണ് പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം തീരുമാനിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് 425 പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളുള്ളതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തെങ്കിലും കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിന്റെയും ചർച്ചയുടെയും സുരക്ഷാക്രമീകരണത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്നബാധിതബൂത്തുകളുടെ എണ്ണം 330 ആക്കി ചുരുക്കിയിരുന്നു. ഇത്തവണത്തെ അന്തിമകണക്ക് തയ്യാറായിട്ടില്ല. പ്രശ്നസാദ്ധ്യതാബൂത്തുകളിൽ വിഡിയോഗ്രാഫി, വെബ്കാസ്റ്റിംഗ്, അധികസേനാവിന്യാസം എന്നിവയുണ്ടാവും. മൈക്രോ ഒബ്സർവർമാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
പൊലീസിനു പുറമേ ആംഡ് പൊലീസ് വിഭാഗം, വിമുക്തഭടന്മാർ, വിരമിച്ചവർ, എൻ.സി.സി, സ്പെഷ്യൽ പൊലീസ് ഓഫീസർമാർ, എക്സൈസ്, ഫോറസ്റ്റ്, ഹോംഗാർഡ് ഉദ്യോഗസ്ഥർ എന്നിവരെയും സുരക്ഷയ്ക്കായി നിയോഗിക്കും. ജനവാസ പ്രദേശങ്ങളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ബൂത്തുകളെ അതീവസുരക്ഷാബൂത്തുകളായി കണക്കാക്കി സായുധസേനയെ നിയോഗിക്കും. ഹോട്ട് ലൈൻ, വയർലെസ്, മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ വാർത്താവിനിമയ സംവിധാനങ്ങളും സുരക്ഷയ്ക്കായി പൊലീസ് സജ്ജമാക്കും.
പ്രശ്ന ബൂത്തുകൾ
ബൂത്തുകളെ രൂക്ഷതയുടെ അടിസ്ഥാനത്തിൽ ഹൈപ്പർ സെൻസിറ്റീവ്, സെൻസിറ്റീവ് എന്ന് രണ്ടായി തിരിക്കും. അതീവപ്രശ്ന സാധ്യതയെന്ന് കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോ ബൂത്തുകളിലും നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ബി-വിഭാഗത്തിലുളള ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങളും അധികം പൊലീസുമുണ്ടാവും. പ്രശ്നസാദ്ധ്യതാബൂത്തുകളിൽ വീഡിയോഗ്രാഫി, വെബ്കാസ്റ്റിംഗ്, അധികസേനാവിന്യാസം എന്നിവയുണ്ടാവും. കേന്ദ്രസേനയ്ക്കൊപ്പം 1500 പൊലീസിനെ നഗരത്തിൽ സജ്ജമാക്കും.
തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. അഞ്ച് കമ്പനി കേന്ദ്രസേന ഉടനെത്തും.- സഞ്ജയ് കുമാർ ഗുരുദിൻ (സിറ്റി പൊലീസ് കമ്മിഷണർ)