തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും ദിനചര്യകളിൽ വീഴ്ച വരുത്താതെ ശ്രദ്ധിക്കുകയാണ് സ്ഥാനാർത്ഥികൾ. എല്ലാ കാര്യങ്ങളും പതിവുപോലെ നടത്താനാകില്ലെങ്കിലും ആരോഗ്യ ചിട്ടകളിലും ഭക്ഷണ കാര്യത്തിലും പരമാവധി ശ്രദ്ധ പുലർത്താൻ എല്ലാവരും ബദ്ധശ്രദ്ധരാണ്. ദിവസവും രാവിലെ എട്ടിന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പര്യടനം രാത്രി പത്തു മണി വരെ നീളും. സ്വകാര്യ യോഗങ്ങളും സന്ദർശനങ്ങളും ചിലപ്പോൾ പിന്നെയും നീളും. ഇതിനിടയിൽ ആഹാര കാര്യങ്ങൾ ശ്രദ്ധിക്കണം. പൊള്ളുന്ന വെയിലിലുള്ള പ്രചാരണത്തിനിടയിൽ നിർജ്ജലീകരണം സംഭവിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കണം. മരുന്നുകൾ മുടങ്ങരുത്. വിശ്രമം വേണം. പ്രചാരണ ചൂടിനിടയിൽ ആരോഗ്യം നോക്കിയില്ലെങ്കിൽ ശരിയാവില്ലെന്നു സ്ഥാനാർത്ഥികൾക്ക് നന്നായറിയാം.
ശശി തരൂർ
രാവിലെ വീട്ടിൽ പ്രവർത്തകരെ കാണുന്നതോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണ ദിവസം തുടങ്ങുന്നത്. അതതു ദിവസത്തെ പ്രചാരണ കാര്യങ്ങൾ പ്രവർത്തകരുമായി ചർച്ച ചെയ്യും. പിന്നെ ലളിതമായ പ്രഭാത ഭക്ഷണത്തിലേക്ക്. രാവിലെ ഇഡ്ഡലിയും ഉള്ളിച്ചമ്മന്തിയുമാണ് തരൂരിന് ഇഷ്ടം. എട്ടു മണിയോടെ പ്രചാരണം തുടങ്ങും. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഇടയ്ക്കിടെ ശീതള പാനീയങ്ങൾ. ഒരു മണിക്കാണ് ഉച്ചഭക്ഷണത്തിനായുള്ള ഇടവേള. പര്യടനം തിരുവനന്തപുരം നഗര പരിധിയിലാണെങ്കിൽ ഉച്ചഭക്ഷണം വഴുതക്കാട്ടെ വീട്ടിൽ നിന്നു തന്നെ. അതല്ല, നെയ്യാറ്റിൻകര, പാറശാല തുടങ്ങി നഗരത്തിൽ നിന്ന് അകലെയാണെങ്കിൽ ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. തീരെ ചെറിയ വിശ്രമത്തിനു ശേഷം പര്യടനം തുടരും. ഒരു ദിവസം ഒരു ബ്ലോക്ക് എന്ന രീതിയിലാണ് ഇപ്പോൾ പര്യടനം പുരോഗമിക്കുന്നത്. രാത്രി ഏതെങ്കിലും മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണം അവസാനിപ്പിക്കാറ്.
സി.ദിവാകരൻ
രാവിലെ മണക്കാട്ടെ വീട്ടിൽ അരമണിക്കൂർ നേരത്തെ ചെറു വ്യായാമവും വീട്ടുമുറ്റത്തെ നടത്തത്തോടെയുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ ദിവസം തുടങ്ങുന്നത്. പത്രങ്ങളെല്ലാം ഓടിച്ചു വായിക്കും. വിശദമായ വായനയ്ക്ക് ഇപ്പോൾ സമയമില്ല. എട്ടു മണിക്ക് പ്രചാരണം തുടങ്ങണം. രണ്ട് ഇഡ്ഡലിയും ഒരു ഗ്ലാസ് പാലും പുഴുങ്ങിയ ഏത്തപ്പഴത്തിന്റെ പകുതിയും. ഇത്രയുമാണ് പ്രഭാത ഭക്ഷണം. വൈകുന്നേരം വരെ കുടിക്കാനുള്ള വെള്ളം ഫ്ളാസ്കുകളിൽ കാറിൽ തന്നെ കരുതും. എട്ടു മണി മുതൽ ഉച്ച വരെ തിരക്കിട്ട പ്രചാരണം. ഉച്ചഭക്ഷണം കഴിവതും വീട്ടിൽ തന്നെ. ദൂരെയാണെങ്കിൽ ഭക്ഷണം കൊണ്ടുപോകും. ഭക്ഷണ ശേഷം മെഡിസിൻ ഉണ്ട്. ഒരു മണിക്കൂർ വിശ്രമം. മണക്കാട്ടെ വീട്ടിൽ വരാൻ കഴിയുന്നത്ര അകലത്തിലാണെങ്കിൽ ഉച്ചയ്ക്ക് വീട്ടിൽ വന്ന് വിശ്രമിക്കും. അല്ലെങ്കിൽ പ്രവർത്തകരുടെ വീട്ടിൽ. രാത്രി 10 വരെ നീളുന്ന പ്രചാരണത്തിനിടയിൽ തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കും. രാത്രിഭക്ഷണവും വിശ്രമവും വീട്ടിൽ. അതിനിടയിൽ പിറ്റേന്നത്തെ പര്യടന കാര്യങ്ങൾ പ്രവർത്തകരുമായി ചർച്ച ചെയ്ത് ധാരണയാകും.
കുമ്മനം രാജശേഖരൻ
രാവിലെ അഞ്ചിന് യോഗയോടെയാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനത്തിന്റെ ദിനചര്യകൾ തുടങ്ങുന്നത്. ഏറെക്കാലമായിട്ടുള്ള ശീലമാണത്. ഇലക്ഷൻ പ്രചാരണ തിരക്കിലും അതിന് മാറ്റമില്ല. രാവിലെ പ്രചാരണം ആരംഭിക്കുന്ന സ്ഥലത്തെ ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ ദർശനം നടത്തും. പ്രഭാത ഭക്ഷണം ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിൽ നിന്ന്. പ്രചാരണത്തിനിടയിൽ ചൂട് കണക്കിലെടുത്തുള്ള പാനീയങ്ങളിൽ കരിക്കാണ് പഥ്യം. ഉച്ചഭക്ഷണവും ഒരു മണിക്കൂർ നേരത്തെ വിശ്രമവും ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിൽ. പിന്നെ രാത്രി വരെ പര്യടനം. രാത്രിഭക്ഷണവും പ്രവർത്തകർ വീടുകളിൽ ഒരുക്കിയ ഭക്ഷണം തന്നെ. പിന്നീട് അന്നന്നത്തെ പ്രവർത്തനം വിലയിരുത്തും. പിറ്റേന്നത്തെ പരിപാടികളും പ്രവർത്തകരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ഏറെ വൈകിയുള്ള ഉറക്കം.