തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നഗരത്തിന്റെ തലവര മാറ്റാൻ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് വിലങ്ങുതടി. തിരഞ്ഞെടുപ്പ് ചൂടിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തിരക്കിലായതോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലെ പ്രധാനപ്പെട്ട പ്രശ്നമായ സ്റ്റോക്ക് ഹോൾഡേഴ്സ് മീറ്റിംഗ് തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് നഗരസഭാ അധികൃതർ തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി രൂപവത്കരിച്ചിട്ടുള്ള 18 വർക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിവിധ വികസനമേഖലകളിലെ ഗുണഭോക്താക്കളുടെ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് മാസ്റ്റർ പ്ലാൻ സംബന്ധിച്ച അഭിപ്രായരൂപവത്കരണം നടത്തുന്നതിനെയാണ് സ്റ്റോക്ക് ഹോൾഡേഴ്സ് മീറ്റെന്ന് പറയുന്നത്. ആരോഗ്യം, റവന്യൂ, പി.ഡബ്ലിയു.ഡി, കൃഷി എന്നിങ്ങനെയാണ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലും പൊതുജനങ്ങൾ, രാഷ്ട്രീയക്കാർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ വിശദാംശങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യുന്നതിനും വാർഡിൽ അടുത്ത 20 വർഷക്കാലം ഏറ്റെടുക്കേണ്ട വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുമായുള്ള വാർഡ് തല യോഗങ്ങളാണ് നടന്നുവരുന്നത്.
യോഗങ്ങൾ ജനുവരി 25ന് ആരംഭിച്ചിരുന്നു. ഗ്രാമ നഗരാസൂത്രണ വകുപ്പ് ഓരോ വാർഡിനെ സംബന്ധിച്ചും തയ്യാറാക്കിയിട്ടുള്ള രേഖ വാർഡുതല യോഗത്തിൽ അവതരിപ്പിച്ചു. യോഗങ്ങളിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാരുടെ പരിശീലനവും നടന്നു. സ്റ്റോക്ക് ഹോൾഡേഴ്സ് മീറ്റിംഗിൽ നിന്നും വാർഡുതലയോഗങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് മാസ്റ്റർ പ്ലാനിന്റെ കരട് രേഖ തയ്യാറാക്കുന്നത്. ഭൂവിനിയോഗ സർവേയും പുരോഗമിക്കുന്നു. നിലവിൽ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച വിവരശേഖരണവുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സർവേയും പുരോഗമിക്കുന്നുണ്ട്.
തിരഞ്ഞെടുത്ത 130 സർവേ വോളന്റിയർമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ കെഡസ്ട്രൽ ഭൂപടത്തിൽ ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഭൂവിഭവ - സാമൂഹ്യ - സാമ്പത്തിക സർവേയും പൂർത്തിയാക്കി മേയിൽ ഡ്രാഫ്റ്റ് കൺസപ്ട് തയ്യാറാക്കുന്നതിനും ഒക്ടോബറിൽ ഡ്രാഫ്റ്റ് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 1971ലാണ് അവസാനമായി നഗരത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 2013ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും വിവാദങ്ങളെ തുടർന്ന് റദ്ദാക്കി. കഴിഞ്ഞ വർഷം അവസാനം സർക്കാർ പുറപ്പെടുവിച്ച ഇടക്കാല വികസന ഉത്തരവാണ് മാസ്റ്റർ പ്ലാനിന് പകരമായി ഇപ്പോൾ ഉപയോഗിക്കുന്നത്. 2017 ഡിസംബറിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കൗൺസിൽ തീരുമാനിച്ചത്. തുടർന്ന് സ്പെഷ്യൽ കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പുകളും രൂപീകരിച്ചു. കഴിഞ്ഞ നവംബറിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടി തുടങ്ങി. ഡിസംബറിൽ സർവേയും ആരംഭിച്ചു.