തിരുവനന്തപുരം: നികുതി പിരിവിൽ 100 കോടി രൂപ നേടി റെക്കാഡിട്ട കോർപറേഷൻ നികുതി അടയ്ക്കാത്ത വമ്പന്മാരെ പൂട്ടാൻ ആലോചന തുടങ്ങി. നഗരത്തിലെ ഒരുനക്ഷത്ര ഹോട്ടലും സൂപ്പർ മാർക്കറ്റുമടക്കം നാല് സ്ഥാപനങ്ങൾ 16 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ. നികുതി വെട്ടിച്ച സ്ഥാപനങ്ങളിലൊരെണ്ണം 2.5 കോടി അടയ്ക്കാനുണ്ട്. നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രക്ഷപ്പെടാൻ നിയമത്തിന്റെ വഴി തേടുകയായിരുന്നു ഈ സ്ഥാപനങ്ങൾ.
ഇതുവരെ പിരിച്ചത് 125 കോടി
കോർപറേഷന്റെ ചരിത്രത്തിലെ മികച്ച നികുതി പിരിവാണ് ഈ സാമ്പത്തികവർഷം. ഭൂനികുതിയും തൊഴിൽ നികുതിയുമായി 125 കോടിയാണ് കോർപറേഷൻ ഇതുവരെ പിരിച്ചത്. ഭൂനികുതിയിനത്തിൽ 62 കോടിയും തൊഴിൽ നികുതി ഇനത്തിൽ 51 കോടിയും ലഭിച്ചു. ഭൂനികുതി നേരത്തേയും 50 കോടിക്ക് മുകളിൽ പോയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷം തൊഴിൽ നികുതിയിൽ ഗണ്യമായ വർദ്ധന ഉണ്ടായി. 2017 - 18ൽ 42 കോടി തൊഴിൽ നികുതിയായി പിരിച്ചെടുത്തപ്പോൾ, 2018 - 19ൽ ഇത് ഒമ്പത് കോടി കൂടി 51 കോടിയായി. തൊഴിൽ നികുതി പിരിക്കാൻ കോർപറേഷൻ വിമുഖത കാണിക്കുന്നതാണ് നികുതി വരുമാനം കുറയാൻ കാരണമെന്ന് 2017ലെ ആഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ്, ടെക്നോപാർക്ക് അടക്കമുള്ള ഐ.ടി മേഖലകളിൽ പണിയെടുക്കുന്നവരിൽ നിന്ന് തൊഴിൽ നികുതി കർശനമായി പിരിക്കാൻ തീരുമാനിച്ചത്. ടെക്നോപാർക്കിലെ 261 സ്ഥാപനങ്ങളിൽ 97 എണ്ണം മാത്രമാണ് കൃത്യമായി നികുതി അടച്ചത്.
2018 -19 സാമ്പത്തിക വർഷത്തിൽ പരസ്യങ്ങൾക്കുള്ള ലൈസൻസ് നൽകിയതിലൂടെ 2.12 കോടി നേടി. 2017-18 ൽ ഇത് 1.25 കോടി മാത്രമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 41.2 ശതമാനത്തിന്റെ വർദ്ധനയാണിത്.
നഗരത്തിൽ അനുമതിയില്ലാതെ പരസ്യ, ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് പിഴയായി 2.5 കോടി ഈടാക്കിയിരുന്നു. 34,000 പരസ്യ ബോർഡുകൾ കോർപറേഷൻ നീക്കം ചെയ്തു.
മീഡിയനുകളിൽ പരസ്യം അനുവദിക്കില്ല
റോഡിലെ മീഡിയനുകളിൽ പരസ്യം പതിക്കുന്നത് കർശനമായി തടയാൻ നടപടി സ്വീകരിച്ചു വരികയാണ്. മീഡിയനുകളിൽ സ്ഥാപിച്ച പരസ്യങ്ങൾ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഏതാണ്ട് 400 ബാരിക്കേഡുകൾ പ്ളാമൂട് - കേശവദാസപുരം റോഡിൽ കോർപറേഷൻ ക്ളീനാക്കി.