തിരുവനന്തപുരം: കൊടുംചൂടിൽ വെന്തുരുകുമ്പോൾ സംഭാരം കുടിച്ചാലോ എന്ന് ആരും ആലോചിച്ചു പോകും. എന്നാൽ, പിന്നെ സംശയിക്കേണ്ട നഗരത്തിൽ എത്തുമ്പോൾ വേനൽച്ചൂടിൽ തളർന്നു പോകുകയാണെങ്കിൽ സംഭാരം കുടിക്കാനായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോന്നോളൂ. സൗജന്യമായി സംഭാരം നൽകി ദാഹവും ചൂടും അകറ്റാനായി നിങ്ങളെ കാത്ത് അവിടെ വൈ.ഡബ്ളിയു.സി.എ പ്രസിഡന്റ് സുനിത ജോസഫ് ഉണ്ടാകും. വൈ.ഡബ്ളിയു.സി.എ ഹോസ്റ്റലിലെ കുട്ടികൾക്ക് ചൂടുകാലത്ത് ആശ്വാസമാകട്ടെയെന്ന് കരുതിയാണ് സംഭാരം നൽകാൻ സുനിത തീരുമാനിച്ചത്.
കുട്ടികൾക്ക് പിന്നാലെ ഹോസ്റ്റലിലെ ജീവനക്കാർക്കും സംഭാരം നൽകി. ഇതിന് പിന്നാലെയാണ് നഗരത്തിൽ പല ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് കൂടി സംഭാരം നൽകിക്കൂടെ എന്ന് സുനിത ചിന്തിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും പിന്തുണയോടെ എത്തിയതോടെ സുനിതയും ആവേശത്തിലായി. പിന്നെ ഒന്നും ആലോചിച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കി. അധികം പുളിയില്ലാത്ത നല്ല തണുത്ത പച്ചമോര്, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തുള്ള സംഭാരം പൊതുജനങ്ങളുടെ ദാഹമകറ്റുന്നതിനൊപ്പം സുനിതയുടെ മനസും നിറച്ചു. തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ നാനൂറോളം ഗ്ളാസ് സംഭാരം വിതരണം ചെയ്തു. വേനൽക്കാലം അവസാനിക്കുന്നത് വരെ പദ്ധതി തുടരും. ദിവസവും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് സംഭാര വിതരണം. ഹോസ്റ്റലിലെ സെക്യൂരിറ്റിയായ ശ്രീകുമാറിനാണ് സംഭാര വിതരണത്തിന്റെ ചുമതല. തിരക്കില്ലാത്തപ്പോൾ സുനിതയും ഹോസ്റ്റൽ ജീവനക്കാരും സംഭാര വിതരണത്തിനായി എത്തും. സംഭാരത്തിന് സമീപത്തായി കുടിവെള്ളവും സുനിതയും കൂട്ടരും ഒരുക്കുന്നുണ്ട്.