തിരുവനന്തപുരം: വേനലായതോടെ രാവിലെ പതിനൊന്ന് മണി കഴിഞ്ഞാൽ ജ്യൂസ് കട തേടി അലയാത്ത മലയാളികൾ കുറവാണ്. അസഹനീയമാവുന്ന വേനലിൽ ഒന്ന് തണുക്കാൻ വെള്ളം തന്നെയാണ് കൂട്ട്. കഴിഞ്ഞ വർഷം വരെ രുചികരവും ആരോഗ്യദായകവുമായ പഴച്ചാറുകളോടാണ് ജനങ്ങൾക്ക് പ്രിയമായിരുന്നതെങ്കിൽ ഇത്തവണ കച്ചവടം പൊടിപൊടിക്കുന്നത് കരിക്ക് കടയിലും നൊങ്ക് കടകളിലുമാണ്. ഇവയ്ക്കൊപ്പം നാരങ്ങാവെള്ളവും സർബത്തും മോരുമൊക്കെയുണ്ട് ദാഹമകറ്റാൻ. വിഷം കുത്തിനിറച്ച പഴങ്ങളാണ് വിപണിയിൽ കിട്ടുന്നതെന്ന പേടി തന്നെ ഇതിന് പ്രധാന കാരണം. ഒപ്പം ജ്യൂസുകൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധിയിൽ ആശങ്കയുണ്ട് പലർക്കും. അതുപോലെതന്നെ ഐസിന്റെ കാര്യവും.
കരിക്കും നൊങ്കുമൊക്കെയാകുമ്പോൾ 'ഫുൾ നാച്വറലല്ലേ" എന്നാണ് ജനങ്ങളുടെ പക്ഷം. അതുകൊണ്ട് തന്നെ വേനൽ തുടങ്ങിയത് മുതൽ കരിക്കിന്റെയും നൊങ്കിന്റെയും ബെസ്റ്റ് ടൈമാണെന്ന് ചുരുക്കം.
കുടിക്കാം കഴിക്കാം കരിക്ക്ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്തുന്നതിനുമൊപ്പം പോഷകങ്ങളും ഓക്സിജനും ശരീര കോശങ്ങളിലേക്ക് എത്തിക്കുന്നതിനും ഇളനീർ അത്യുത്തമമാണെന്നാണ് കണ്ടെത്തൽ. ഇടവിട്ടുള്ള കുലകളിലെ ആറുമാസം പ്രായമുള്ള കരിക്കുകളാണ് വിളവെടുക്കുന്നത്. ഇങ്ങനെ ചെയ്താൽ അവശേഷിക്കുന്ന കൂമ്പുകൾക്ക് പൂർവാധികം കരുത്തുണ്ടാകുമെന്ന് കേരകർഷകർ പറയുന്നു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കരിക്ക് ഇറക്കുമതി ചെയ്യുന്നത്. കരിക്കിന് 30 മുതൽ 55 രൂപ വരെയുണ്ട്. മുപ്പത്തഞ്ച് രൂപകൊടുത്ത് ഒരു കരിക്ക് വാങ്ങിയാൽ ദാഹമകറ്റാൻ വെള്ളവും കിട്ടും വയറ് നിറയെ കരിക്ക് തിന്നുകയും ചെയ്യാം.
തമിഴ്നാടൻ നൊങ്ക്കരിക്ക് പോലെ കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതിനാൽ നൊങ്ക് ജ്യൂസിന് ആവശ്യക്കാരേറെയാണ്. നൊങ്ക് മാത്രമായും ലഭിക്കുമ്പോൾ, നൊങ്കും പഴവർഗങ്ങളും ചേർത്തുള്ള ജ്യൂസും ലഭിക്കും. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്. വലിയ കടകൾക്ക് പുറമേ പാതയോരങ്ങളിൽ ചെറിയ തട്ടുകടകളിലും നൊങ്ക് വില്പന സജീവമാണ്. ചൂട് കാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളായ കളിയിക്കാവിള, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നാണ് തലസ്ഥാനത്തേക്ക് നൊങ്ക് കൂടുതലായി എത്തുന്നത്. പന നൊങ്കിന്റെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ അല്പം പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയിലിട്ട് അടിച്ച് ജ്യൂസാക്കിയും ഉപയോഗിക്കാം.
അമ്പമ്പോ ഇതെന്തൊരു വിലവിലക്കയറ്റം വലിയ രീതിയിൽ പഴവിപണിയെ ബാധിച്ചിട്ടില്ലെങ്കിലും ജ്യൂസ് വില മുകളിലേക്ക് തന്നെയാണ്. 10 രൂപ മുതൽ 150 രൂപയ്ക്കു വരെ ജ്യൂസ് കുടിക്കാം. വൻകിട ഹോട്ടലുകളാണങ്കിൽ നക്ഷത്രമനുസരിച്ചു വിലയും കൂടും. പാൽ കൂടി ചേർത്ത് ഷെയ്ക്കുകളാകുമ്പോഴാണ് വില കൂടുന്നത്. തണ്ണിമത്തൻ, ഓറഞ്ച്, മുസമ്പി, പൈനാപ്പിൾ, മുന്തിരി, കരിക്ക് എന്നിവയ്ക്കാണ് പ്രിയമേറെയെന്ന് കടക്കാർ. മാതളം, ബീറ്റ് റൂട്ട്, വെള്ളരി എന്നിവയുടെ ജ്യൂസും ലഭിക്കും. നാരങ്ങാവെള്ളം, സോഡാ നാരങ്ങ, തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് എന്നിവയ്ക്ക് 10 - 15 രൂപയേയുള്ളു. വെയിലൊരു മറയാക്കി അധിക തുക വാങ്ങുന്നവരുമുണ്ട് കച്ചവടക്കാരിൽ. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ, കോളേജുകൾ, സ്കൂളുകൾ എന്നിവയുടെ മുന്നിലാണ് പ്രധാന വില്പന. പഴങ്ങൾ അരിഞ്ഞുചേർത്ത് സർബത്തുമായി റോഡുവക്കിൽ വില്പന നടത്തുന്നവരും കുറവല്ല.