തൃശൂർ: പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവ് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു. തൃശൂർ ചിയ്യാരം സ്വദേശിനി നീതുവാണ് (22) കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശി നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ നിതീഷ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വീട്ടുകാർ തീയണയ്‌ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ബി.ടെക് വിദ്യാർത്ഥിനിയായ നീതുവിനെ ഏറെ നാളായി 32കാരനായ നിതീഷ് പിറകെ നടന്ന് ശല്യം ചെയ്‌തിരുന്നതായി നാട്ടുകാർ പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാർച്ച് 20ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ അജിൻ റെജി മാത്യു, മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ഇതിന്റെ ഞെട്ടലിൽ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് പുതിയ സംഭവം.