m-k-raghavan

കോഴിക്കോട്: വോട്ടെടുപ്പ് ദിവസം മദ്യം കൊടുക്കേണ്ടി വരുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിൽ കോഴിക്കോട്ടെ എം.പിയുമായ എം.കെ രാഘവൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട സ്റ്റിംഗ് ഓ‌‌പ്പറേഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മദ്യം കൊടുക്കേണ്ടി വരുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വോട്ടെടുപ്പ് ദിവസം കൊടുക്കേണ്ടി വരുമെന്ന് രാഘവൻ മറുപടി പറഞ്ഞു. താനല്ല പാർട്ടി പ്രവർത്തകരാണ് ഇത് ചെയ്യുന്നത്. പണം മാത്രമേ താൻ നൽകാറുള്ളൂ. ബാക്കിയൊക്കെ പാർട്ടി പ്രവർത്തകർ നോക്കിക്കോളും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്ക് 20 കോടിയോളം രൂപ ചെലവായെന്നും വോട്ടർമാർക്ക് മദ്യം നൽകേണ്ടതിനാൽ പണം ആവശ്യമാണെന്നും രാഘവൻ വീഡിയോയിൽ വ്യക്തമാക്കുന്നു.

മാർച്ച് 10ന് ദേശീയ മാദ്ധ്യമം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവൻ കുടുങ്ങിയത്. തിരഞ്ഞടുപ്പ് ചിലവിനായി 20 കോടി വേണ്ടിവരുമെന്നും രാഘവൻ പറയുന്നുണ്ട്. ഇതിൽ 2 കോടി പാർട്ടി ഫണ്ട് നൽകുമെന്ന് രാഘവൻ വ്യക്തമാക്കുന്നു. നിലവിൽ കോഴിക്കോട് എം.പിയായ രാഘവൻ കോഴിക്കോടുള്ള സ്വന്തം വസതിയിൽ വെച്ചാണ് കോഴ ആവശ്യപ്പെട്ടത്. പണം നൽകുന്ന കാര്യം ന്യൂഡൽഹിയിലെ സെക്രട്ടറിയുമായി സംസാരിക്കാനും രാഘവൻ തന്നെ സമീപിച്ചവരോട് പറയുന്നുണ്ട്.

അതേസമയം,​ തനിക്കെതിരായി പുറത്തുവിട്ട ഒളികാമറ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് എം.കെ രാഘവൻ വ്യക്തമാക്കി. തന്റെ കൈകൾ പരിശുദ്ധമാണെന്നും ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറ‌ഞ്ഞു.