priyanka-gandhi

കണ്ണൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അവർ പരിസരപ്രദേശത്ത് എവിടെയെങ്കിലും വന്നാൽ കാണാൻ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ. 'യുവസുന്ദരി' എന്നാണ് 48വയസുള്ള പ്രിയങ്കയെ വിളിക്കുന്നതെന്നും, യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പദ്മനാഭന്റെ പ്രതികരണം.

''പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്ന കാര്യം സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം, സ്വീറ്റ് 70 എന്നാണ് അണികൾ എന്നെ വിളിക്കുന്നത്. യുവത്വം എന്നത് മനസിലാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്, അങ്ങനെ പറഞ്ഞതുകൊണ്ട് അത് സ്ത്രീ വിരുദ്ധമാണെന്ന് പറയരുതെന്ന്'' പദ്മനാഭൻ പറഞ്ഞു.

'പ്രിയങ്ക ഗാന്ധി അടുത്തെവിടെയെങ്കിലും വന്നാൽ നേരിൽ കാണാൻ പോകും, പക്ഷേ രാഹുലിനെ കാണാൻ പോകില്ല. പ്രിയങ്ക ഇവിടെ വരികയാണെങ്കിൽ കണ്ടാൽ തരക്കേടില്ലെന്ന അഭിപ്രായമുണ്ട്. കാരണം അവരെ കാണാൻ സാമാന്യം തരക്കേടില്ല. അതിലൊക്ക ആവേശം പൂണ്ട് ആകൃഷ്ടരായ ആളുകൾ അവരുടെ പിന്നാലെ പോകുന്നതിലും തെറ്റില്ല. എന്നാൽ ജനങ്ങൾ അവർക്ക് വോട്ടൊന്നും കൊടുക്കില്ല. തിരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലല്ലോ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.