കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്. രാഹുലിനൊപ്പം അഞ്ച് പേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ കളക്ടറുടെ ചേമ്പറിലേക്ക് കയറാൻ അനുവാദം ലഭിച്ചത്. മാദ്ധ്യമപ്രവർത്തകർക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റിൽ പത്രിക സമർപ്പിക്കാനെത്തിയത്. നാല് സെറ്റ് പത്രികകളാണ് രാഹുൽഗാന്ധി സമർപ്പിച്ചത്. ശേഷം റോഡ് ഷോ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് മേഖല. എസ്.പി.ജി നിയന്ത്രണത്തിലാണ് കൽപറ്റ.
ഇന്നലെ രാത്രി 8.42ന് ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ പ്രിയങ്കഗാന്ധിയാണ് ആദ്യം കോഴിക്കോട്ടെത്തിയത്. തൊട്ടുപിറകെ 9.05 ന് അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ രാഹുലും കരിപ്പൂരിലെത്തി. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. നേതാക്കൾക്ക് പുറമെ ആയിരക്കണക്കിനു പ്രവർത്തകരായിരുന്നു ഇരുവരെയും വരവേൽക്കാൻ എത്തിയത്.