rahul-gandhi

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയോടും പ്രത്യേക താത്പര്യം കാണിക്കാത്ത 'സമദൂര 'നിലപാടിലാണെന്ന് പ്രഖ്യാപിക്കുമ്പോഴും എൻ.എസ്.എസ് വലതു പക്ഷത്തേക്ക് ചെറുതായി ചായുന്നു. പത്തനംതിട്ടയിലെയും വയനാട്ടിലെയും എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകേയാണ് യു.ഡി.എഫിലേക്ക് ചായുന്നുവെന്നു തോന്നിക്കുന്ന നിലപാട് എൻ.എസ്.എസ് മുഖപത്രമായ സർവീസിൽ വന്നത്.

രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ മാറ്റം പ്രകടവുമായി. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമ നടപടികൾക്ക് തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തുമ്പോഴും യു.ഡി.എഫ് യുവതീ പ്രവേശനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചതിനെ സർവീസസിന്റെ എ‌ഡിറ്റോറിയലിൽ വരികകൾക്കിടയിലൂടെ ശ്ലാഘിച്ചതാണ് എൻ.എസ്.എസിന്റെ പുതിയ ചായ്‌വിനെ പറ്റി സൂചന നൽകിയത്.

യുവതീപ്രവേശനത്തിനെതിരെ ശബരിമല കർമ്മസമിതി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ മുന്നണി പോരാളികൾ നായർ സമുദായാംഗങ്ങളായിരുന്നു.നേതൃത്വത്തിന്റെ അനുമതിയില്ലാതെ നാമജപ ഘോഷയാത്രയിൽ നായർ വനിതകളൊന്നടങ്കം രംഗത്തെത്തി. അതോടെ എൻ.എസ്. എസ് പിന്തുണ ബി.ജെ.പിക്കാണെന്ന പ്രചാരണം ശക്തമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ ശബരിമലയുടെ കേന്ദ്ര സ്ഥാനമായ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ എൻ.എസ്.എസ്
ഇടപെടുന്നുവെന്ന വാർത്ത പരന്നു. ബി.ജെ.പിയിൽ സ്ഥാനാർത്ഥി തർക്കം മുറുകി.
ഒടുവിൽ ജനപിന്തുണ കണക്കിലെടുത്ത് കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നിർബന്ധിതമായി. എൻ.എസ്.എസ് പ്രതീക്ഷിച്ച ആൾ
സ്ഥാനാർത്ഥിയാകാതെ വന്നതോടെ ബി.ജെ.പിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയെന്നായി പ്രചാരണം.

വയനാട്ടിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി
യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയും എല്ലാ കണക്കു കൂട്ടലും തെറ്റിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ എതിർ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്‌തതോടെ എൻ.എസ്.എസ് നേതൃത്വത്തിന്റെ അകൽച്ച വർദ്ധിച്ചെന്നാണ് വിലയിരുത്തൽ. സമദൂരം പ്രഖ്യാപനത്തിലെ വരികൾക്കിടയിൽ ഇടതു മുന്നണിയോടും ബി.ജെ.പിയോടുമുള്ള എൻ. എസ്. എസിന്റെ അകൽച്ച തെളിഞ്ഞു നിൽക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കൾ. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തോടെ പന്തളം രാജകുടുംബത്തിന്റെ നിലപാടിലും മാറ്റമുണ്ടായി. ബി.ജെപിക്കായി പത്തനംതിട്ടയിൽ പ്രചാരണം നടത്താനില്ലെന്ന് ഇതുവരെ കർമ്മസമിതിക്കൊപ്പം നിന്ന രാജപ്രതിനിധി പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.