mk-raghavan-prassanth-na

കോഴിക്കോട്: കോഴിക്കോട് സിറ്റിംഗ് എം.പിയും നിലവിലെ സ്ഥാനാർത്ഥിയുമായ എം.കെ രാഘവനെതിരെ ഉയർന്ന അഴിമതി ആരോപണം യു.ഡി.എഫിനെ ചെറുതല്ലാത്ത രീതിയിൽ ഉലച്ചു എന്നത് വ്യക്തമാണ്, പ്രത്യേകിച്ചും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ. ഒരു ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലാണ് എം. കെ രാഘവൻ കുടുങ്ങിയത്. തിരഞ്ഞെടുപ്പ് ചിലവുകൾക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌ത സംഘത്തോട് പണം കൈമാറാൻ തന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെടാൻ രാഘവൻ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് സ്‌റ്റിംഗ് ഓപ്പറേഷനിലൂടെ ചാനൽ പുറത്ത് വിട്ടത്.

എന്നാൽ രാഘവനെതിരെ ഉയരുന്ന ആദ്യത്തെ അഴിമതി ആരോപണമല്ല ഇതെന്നും, ആരാണ് രാഘവനെതിരെ ആദ്യം അഴിമതി പുറത്തുകൊണ്ടുവന്നതെന്നും പറയുകയാണ് പ്രമുഖ മാദ്ധ്യമപ്രവർത്തകനും തെഹൽക്കയുടെ മുൻ മാനേജിംഗ് എഡിറ്ററുമായ മാത്യു സാമുവൽ.

ഫേസ്ബുക്ക് പോസ്‌റ്റ് വായിക്കാം-

'എന്തായിരുന്നു കോഴിക്കോട് എംപി എംകെ രാഘവനെതിരെ അവിടെ കളക്ടറായിരുന്ന പ്രശാന്ത് കൊടുത്ത അന്വേഷണ റിപ്പോർട്ട്?

അതായത് ബിനാമികളെ വെച്ച് എംപി ഫണ്ട് ഓരോ മണ്ഡലങ്ങളിലേയ്ക്കും കോൺട്രാക്ട് കൊടുക്കുന്നു. അതിന്റെ ഡയറക്ട് 10 ശതമാനം കമ്മീഷൻ ഈ കോൺട്രാക്ടേഴ്സ് രാഘവന്റെ സെക്രട്ടറിയായ ശ്രീകാന്തിന് കൈമാറുന്നു. അതായത് ഒരു വർഷം അഞ്ചു കോടി രൂപ. അഞ്ചു വർഷം കൊണ്ട് 25 കോടി രൂപ. അതായത് അഞ്ചു വർഷം അദ്ദേഹം രണ്ടരക്കോടി രൂപ അടിച്ചു മാറ്റി. ഓരോ കോൺട്രാക്ടേഴ്സിന്റെയും പേരെടുത്ത് പറഞ്ഞാണ് കളക്ടർ വിശദമായ റിപ്പോർട്ട് നൽകിയത്. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന വിജയാനന്ദ് ആ റിപ്പോർട്ട് മുക്കി രാഘവന് ക്ലീൻചിറ്റ് കൊടുക്കുന്നു. അന്നു വലിയ വാർത്തയാക്കാവുന്ന ഈ വിഷയം ആരും തൊട്ടില്ല. മാധ്യമങ്ങളും ക്ലീൻ ചിറ്റ് കൊടുക്കുന്നു. കേരളത്തിലെ വെർണാക്കുലർ ചാനലുകളും പത്രങ്ങളും രാഘവനെ വാഴ്ത്തുന്നു. അതായത് കള്ളനായ രാഘവനും മീഡിയയും കൂടി ചേർന്ന് പ്രശാന്തിനെ വേട്ടയാടുന്നു.

കള്ളനും കട്ട പണം അവിടെയും ഇവിടെയും കിട്ടിയവരും ഒരു സത്യസന്ധനായ ഓഫീസറെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു. പ്രശാന്ത് കാണിച്ച തെറ്റെന്താണ്? ഈ പറയുന്ന കള്ളനെ പുറത്തു കാണിക്കാൻ ശ്രമിച്ചു. ഇവിടെ പ്രിയപ്പെട്ട പിണറായി സഖാവ് ചെയ്യേണ്ടത് ഈ റിപ്പോർട്ട് വിജിലൻസിനെ കൊണ്ട് പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിൽ ഉൾപ്പെടുത്തി അന്വേഷിക്കണം. ഗുരുതരമായ തെറ്റാണ് രാഘവൻ ചെയ്തത്.

ടിവി 9നെ കൊണ്ടുവന്നത് സിപിഎം ആണെന്നാണ് രാഘവൻ ഇപ്പോൾ ആരോപിക്കുന്നത്. ഒരു ചോദ്യം എന്തുകൊണ്ടാണ് ഇവർ മറ്റുള്ള എംപിമാരുടെ അടുത്ത് പോകാതിരുന്നത്? രാഘവൻ പണം വാങ്ങുന്ന കാര്യത്തിൽ 'തുറന്ന' സമീപനമാണെന്ന് എല്ലാവർക്കും അറിയാം. പണവുമായി വന്നവർ ഏതാണ്, എന്താണ്, എന്തിനാണ് എന്ന് അന്വേഷിക്കുന്നില്ല. എവിടെ നിന്നു വന്നാലും പോരട്ടേ എന്നവിധം വായും പൊളിച്ചിരിക്കുകയാണ്.

നേരത്തെ പറഞ്ഞിരുന്നല്ലോ, രവിപ്രകാശ് എന്റെ സുഹൃത്താണ്. കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് ഈ ചാനലിന്റെ ഉദ്ഘാടന വേളയിൽ പരസ്യമായി രവിയെ മോദി അവഹേളിച്ചത്. അതും ഏറ്റവും മോശമായ രീതിയിൽ. നീയൊക്കെ ചത്തു പോകുന്നതാണ് ഈ രാജ്യത്തിന് നല്ലതെന്ന്. ഇളക്കാൻ ശ്രമിക്കമ്പോൾ ഇളകുന്ന രീതിയിൽ മാത്രം ഇളക്കുക.

പ്രശാന്ത് നൽകിയ റിപ്പോർട്ടിന്മേൽ അന്ന് ഒരു നടപടിയും ഉണ്ടായില്ല. രാഘവൻ കള്ളനാണെന്ന് തെളിഞ്ഞ ഈ സമയത്തെങ്കിലും ആ റിപ്പോർട്ട് പുറത്തെടുത്ത് അന്വേഷണം നടത്തണം. പ്രശാന്ത് നൽകിയ, വിജയാനന്ദ് പൂഴ്ത്തിയ ആ റിപ്പോർട്ട് ഈയുള്ളവൻ പുറത്തുവിടുന്നു. രാഘവന് ആരൊക്കെ പൈസ കൊടുത്തു എന്ന് ഇതിൽ വ്യക്തം... രാഘവന്റെ ബിനാമികൾ ആരെന്നും:

മറ്റൊരു കുറിപ്പ്-

'കോഴിക്കോട് എംകെ രാഘവൻ വിഷയവുമായി ബന്ധപ്പെട്ട് ചിലത് പറയുവാൻ ആഗ്രഹിക്കുന്നു.

എന്താണ് സ്റ്റിങ് ഓപ്പറേഷൻ? പല മലയാളികൾക്കും ഇതെന്തെന്ന് അറിയില്ല. ഇത് അണ്ടർ കവർ ഓപ്പറേഷനാണ്. അതായത് തെളിയിക്കാൻ സാധിക്കാത്തത് പലതും റിപ്പോർട്ട് ചെയ്യാൻ പോകുന്നയാൾ റിപ്പോർട്ടറായല്ലാതെ, മറ്റൊരു വ്യക്തിത്വത്തിൽ ക്യാമറയുടെ സഹായത്തോടെ തെളിയിക്കുന്നതാണ്. ഇതാണ് ഇതിന്റെ മോഡസ്ഓപ്പറന്റി. ഒരു ഉദാഹരണ സഹിതം പറയാം. ഞാൻ കൽക്കട്ടയിൽ നടത്തിയ നാരദ സ്റ്റിങ് ഓപ്പറേഷനിൽ എന്റെ പേര് സന്തോഷ് ശങ്കരൻ. ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരൻ. അവിടെ ഇൻവെസ്റ്റ് ചെയ്യാൻ വരുന്നു. അതിനെ പിന്തുണയ്ക്കാൻ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് കൈമാറുന്നു. ഇതിൽ എത്ര കൈക്കൂലി പണം വേണമെന്ന് ആവശ്യപ്പെടുന്നതുണ്ട്. എവിടം വരെ കൊടുക്കണം എന്നു പറയുന്നതുണ്ട്. കോൾ റെക്കോർഡ്സുണ്ട്. പണം കൈമാറുന്ന രംഗമുണ്ട്. അവരുടെ ഡിമാന്റ് വലുതാണ്. ടോക്കൺ കൊടുത്തതാണ് പകർത്തിയത്. റെക്കോർഡ് ചെയ്തത് 52 മണിക്കൂറിൽ ഏറെയുണ്ട്. എഡിറ്റ് ചെയ്ത് 16 മിനിറ്റായി കാണിച്ചു. ബാക്കിയുള്ളവ ഓരോ ദിവസവും നാരദ പുറത്തുവിട്ടു.

ബിജെപിക്ക് എതിരെ 2000 2001വരെ എട്ടുമാസം നടന്ന ഓപ്പറേഷൻ വെസ്റ്റ്എൻഡ് തെഹൽക എക്സ്‌പോസിൽ 105 ടേപ്പുകളും 100 മണിക്കൂറിലടക്കം റെക്കോർഡിങ് വിഷ്വൽസും. ഇതിൽ രണ്ടിലും സുപ്രീം കോടതി പറഞ്ഞ് പ്രഥമദൃഷ്ട്യാ നടപടി എടുക്കണം എന്നാണ് പറഞ്ഞത്. ശിക്ഷിക്കാതെ വിടാൻ പറ്റില്ലെന്ന്.

കോഴിക്കോട്ടേയ്ക്ക് വരിക. എം.കെ രാഘവനെതിരെ ആദ്യം അഴിമതി ആരാണ് പുറത്തുകൊണ്ടു വന്നത്? അവിടുത്തെ കളക്ടറായ പ്രശാന്ത് നായർ. എന്തായിരുന്നു അഴിമതി? എംപി ഫണ്ടിൽ നിന്നും ശതമാനം പറഞ്ഞ് കൈക്കൂലി വാങ്ങുന്നത്. ഇതിനെ അയാൾ എതിർത്തു. ഈ പറഞ്ഞ ശ്രീകാന്ത് തന്നെയായിരുന്നു അന്നും രാഘവന്റെ കമ്മീഷൻ ഏജന്റ്. അതിൽ എന്താണ് ഉണ്ടായത്? രാഘവനെക്കാളും അയാൾക്കു വേണ്ടി അന്നു വാദിച്ചത് കോഴിക്കോട് ലോക്കൽ മീഡിയയാണ്. എംപിയുടെ കമ്മീഷൻ നക്കുന്ന ഏജന്റുകളാണ് അവിടെ ലോക്കൽ മീഡിയ. ഈ മീഡിയയെ കൊണ്ട് കഴിയില്ലെന്നതിന്റെ തെളിവാണ് ഡൽഹിയിൽ നിന്നും മാധ്യമ പ്രവർത്തകർ വന്ന് അയാളെ തുറന്നു കാണിക്കുന്നത്.

ഞാൻ നാരദ സ്റ്റിങ്ങിനു ശേഷം ആദ്യമായി കൽക്കട്ടയിൽ പോയപ്പോൾ ചരിത്ര പ്രസിദ്ധമായ അവിടുത്തെ പ്രസ്‌ക്ലബ് എനിക്കൊരു സ്വീകരണം തന്നത്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും വരുന്നതിലും ആവേശമായിരുന്നു അവിടെ മാധ്യമ പ്രവർത്തകർക്ക്. ഇന്ത്യയിൽ ആദ്യമായി പത്രം പിറന്ന സ്ഥലത്താണ് നാരദ സ്റ്റിങ് നടന്നത്. സ്വീകരണത്തെ തുടർന്നു നടന്ന പ്രസ് കോൺഫറൻസിൽ അവരുടെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾക്ക് മാധ്യമ പ്രവർത്തകർ കയ്യടിക്കുകയായിരുന്നു. അതൊക്കെ കളയ്... കോഴിക്കോട് പത്രക്കാരുടെ ദാസ്യപ്പണി നിർത്തുക. രാഷ്ട്രീക്കാർ ഛർദ്ദിച്ച എച്ചിൽ തിന്നാൻ നിൽക്കരുത്. നിങ്ങൾ സ്വയമേ ഓഡിറ്റ് ചെയ്യുക.

കോൺഗ്രസ് നേതാക്കളോട് ഒരു അഭ്യർത്ഥന. ഞാൻ പൊക്കി കൊണ്ടുവന്ന തെഹൽക്കയും നാരദയുമൊക്കെ പൊക്കിക്കൊണ്ട് നടന്നില്ലേ. ാഘവന്റെ കാര്യത്തിൽ പ്രോആക്ടീവായി നടപടി എടുക്കുക. ആരെങ്കിലും രാഘവനെതിരെ പൊതുതാൽപ്പര്യ ഹർജി കൊടുത്താൽ മതി. അന്വേഷണം നടക്കും. മോഷ്ടിച്ചത് പൊതുപണമാണ്. ചോദ്യം ഇവനെ ശിക്ഷിക്കണോ എന്നതാണ്.

മാധ്യമ പ്രവർത്തകരോട് നിങ്ങൾ ഒന്നെങ്കിൽ പ്രശാന്തിനോട് മാപ്പ് പറയുക അല്ലെങ്കിൽ രാഘവന്റെ പടം ഫ്രെയിം ചെയ്ത് തൂക്കുക. രാഘവന്റെ പടം വെയ്ക്കുമ്പോൾ ഞകജ എന്നു വെക്കാനും മറക്കരുത്'.