e-sreedharan

കൊച്ചി: അപ്രതീക്ഷിത മഴയല്ല, അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെയാണ് കേരളത്തെ പ്രളയദുരിതത്തിൽ മുക്കിയതെന്ന് ആവർത്തിച്ച് മെട്രോമാൻ ഇ.ശ്രീധരൻ.

പാളിച്ചകളുടെ 16 കാരണങ്ങൾ ചൂണ്ടിക്കാട്ടിയും 2018 ഒക്ടോബർ 30ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും കത്തയച്ചിട്ടും മറുപടിയോ നടപടിയോ ഉണ്ടായില്ല. അൽപം മനോവ്യഥ തോന്നിയപ്പോഴാണ്‌ കോടതിയെ സമീപിച്ചതെന്ന് ശ്രീധരൻ വ്യക്തമാക്കുന്നു.

'ആശങ്കയോടെ ചൂണ്ടിക്കാട്ടിയത് ഇപ്പോൾ അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നു. 450 പേരുടെ ജീവൻ പൊലിഞ്ഞ, കോടികളുടെ നഷ്‌ടം സംഭവിച്ച പ്രളയദുരിതത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തേണ്ടതു ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കടമയാണ്. കാരണം അറിയേണ്ടതു കേരളീയരുടെ അവകാശവുമാണ്.

വിദേശങ്ങളിലൊക്കെ കാലാവസ്ഥാ പ്രവചനം കുറിക്കുകൊള്ളുന്നതാണ്. പക്ഷേ, കേരളത്തിൽ സ്ഥിതി വളരെ ദയനീയമാണ്. കാലാവസ്ഥാ പ്രവചനം ദുരന്തശേഷവും കേരളത്തിൽ കുറ്റമറ്റതായിട്ടില്ല. അശാസ്ത്രീയമായ സംവിധാനമാണ് ഇന്നും പിന്തുടരുന്നത്. കൃത്യത തീരെയില്ല. അതിനാൽ ജനവും ഉദ്യോഗസ്ഥരും ഇത്തരം പ്രവചനങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഡാം തുറന്നുവിടുന്നതിൽ രാഷ്ട്രീയ തീരുമാനം കാത്തുനിന്ന ഉദ്യോഗസ്ഥർക്കും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു തലയൂരാനാകില്ല. ഡാം തുറക്കാനൊക്കെ മന്ത്രിയുടെ തീരുമാനം കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥരെ കേരളത്തിൽ മാത്രമേ കാണാനാവൂ. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സംബന്ധിച്ചു ചോദിച്ച പത്രലേഖകരോടു ക്ഷുഭിതനാകുന്ന മന്ത്രിയെയാണ് ഇന്നലെ ടിവിയിൽ കണ്ടത്. ഇതൊന്നും ശരിയല്ല. ഭരണകൂടം കാര്യക്ഷമമാകണം. എൻജിനീയർമാർ കൃത്യമായി ജോലി നിർവഹിക്കണം'- ശ്രീധരൻ വ്യക്തമാക്കുന്നു.