neethu

തൃശൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ മരണം ഉറപ്പിക്കാനായി പ്രതി യുവതിയുടെ കഴുത്തിൽ കുത്തിയിരുന്നതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ തൃശൂരിലായിരുന്നു സംഭവം. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്.

വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ് ഏറെ നാളായി പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പെൺകുട്ടിയുമായി വാക്കുതർക്കത്തിലേർപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ കുത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് പെൺകുട്ടിയെ തീ കൊളുത്തുകയായിരുന്നു. മുത്തശിക്കും അമ്മാവനുമൊപ്പമാണ് നീതു കഴിഞ്ഞിരുന്നത്.

ബി ടെക് വിദ്യാർത്ഥിനി ആയിരുന്നു കൊല്ലപ്പെട്ട നീതു. പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലാണ് അക്രമി പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പെൺകുട്ടിയുടെ നെഞ്ചിൽ രക്തം കണ്ടതായും നാട്ടുകാർ വ്യക്തമാക്കി.

വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.