കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഉജ്വല വരവേൽപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറിൽ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം കണ്ട രാഹുൽ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
എസ്.ജി.എം കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലേക്ക് പുറപ്പട്ടു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്ളസ് കാറ്റഗറിയിലാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാൻഡോകൾ ഫുൾടൈം കൂടെയുണ്ടാകും. പത്രിക സമർപ്പിക്കുന്ന വയനാട് കളക്ട്രേറ്റിലും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പതിനൊന്ന് മണിക്ക് ജില്ലാ കളക്ടർ മുൻപാകെ പത്രിക സമർപ്പിക്കും. രാഹുലിനൊപ്പം നാലുപേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ കളക്ടറുടെ ചേമ്പറിലേക്ക് കയറാൻ അനുവാദമുള്ളൂ. മാദ്ധ്യമപ്രവർത്തകർക്കും നിയന്ത്രണമുണ്ട്. 10 മിനിറ്റിനകം പത്രിക സമർപ്പണം പൂർത്തിയാക്കും. ഇതിന് ശേഷം റോഡ് ഷോ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവർത്തകർ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.