തൃശൂർ: അമ്മ നേരത്തെ മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു പോയി, ജീവിതം കരുപിടിപ്പിക്കാനുള്ള പോരാട്ടത്തിനിടയിലാണ് അവൾ കത്തിയമർന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് വീണ്ടും കേരളം കേട്ടത്. ബി.ടെക് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെയാണ് വടകര സ്വദേശിയായ നിതീഷ് നിഷ്‌കരുണം കൊലപ്പെടുത്തിയത്. 22 വയസു മാത്രമായിരുന്നു പെൺകുട്ടിയുടെ പ്രായം.
അമ്മനേരത്തെ മരിച്ചുപോയ പെൺകുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവൾ. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളർന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് നരാധമൻ ആ ജീവിതം അൽപം പെട്രോളിൽ തീർത്തു കളഞ്ഞത്. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതിൽ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെയാണ് ഏഴരയോടെയാണ് സംഭവം. വാക്കുതർക്കത്തിൽ ഏർപ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോൾ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീതുവിന്റെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാർച്ച് 20ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ അജിൻ റെജി മാത്യു, മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ഇതിന്റെ ഞെട്ടലിൽ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് പുതിയ സംഭവം.