ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി രണ്ടാം മണ്ഡലമായ വയനാട്ടിൽ മത്സരിക്കുന്നതിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. രാഹുൽഗാന്ധി അമേത്തിയെ അപമാനിക്കുന്നുവെന്നും സ്‌മൃതി ഇറാനി ആരോപിച്ചു.
"വയനാട്ടിലെ ജനങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങൾ അമേത്തിയിലേക്ക് ഒരു തവണയെങ്കിലും വരണം. അമേത്തിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വർഷം രാഹുൽ അധികാരത്തിന്റെ വിവിധ പദവികൾ ആസ്വദിച്ചു. ഇപ്പോൾ മറ്റൊരിടത്തേക്ക് പത്രിക സമർപ്പിക്കാൻ പോയിരിക്കുകയാണ്. ഇത് അമേത്തിയെ അപമാനിക്കലാണ്. ജനങ്ങൾ രാഹുലിനോട് പൊറുക്കില്ലെ"ന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അമേത്തിയിൽ തോൽവി ഉറപ്പായതോടെയാണ് രാഹുൽ വരുന്നതെന്ന് വയനാട്ടുകാർ തിരിച്ചറിയണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. അമേത്തിയിൽ രാഹുലിനെതിരെ ബി.ജെ.പി സ്ഥാനാർഥിയായി സ്‌മൃതി ഇറാനിയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014ൽ രാഹുലിനെതിരെ മത്സരിച്ച് അവർ പരാജയപ്പെട്ടിരുന്നു.