ന്യൂഡൽഹി:കോഴിക്കോട് സിറ്റിംഗ് എം.പിയും കോൺഗ്രസ് നേതാവുമായ എം.കെ. രാഘവൻ 2014ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും മറ്റുമായി 20 കോടി രൂപ ചെലവിട്ടെന്ന സംഭാഷണങ്ങളടങ്ങുന്ന ഒളികാമറാ ദൃശ്യങ്ങൾ ഒരു ഹിന്ദി ടിവി ചാനൽ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എം.കെ രാഘവനെ കൂടാതെ വിവിധ പാർട്ടികളിൽ നിന്നായി ഏകദേശം 15ഓളം എം.പിമാർ ഇതേ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇവരിൽ അഞ്ച് എം.പിമാർ ബി.ജെ.പിയിൽ നിന്നാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബി.ജെ.പി എം.പിമാരായ ലഖൻ ലാൽ സാഹു, ഉദിത് രാജ്, ഫഗൻസിംഗ് കുലസ്‌തെ, ബഹാദൂർ സിംഗ് കോലി എന്നിവരും പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടിരുന്നു. ഒരു കമ്പനിയുടെ പേരിൽ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മിഷൻ നൽകാമെന്ന വാഗ്ദാനത്തിൽ ഇവർ ഉൾപ്പെടെ 15 പേർ താത്പര്യം കാട്ടിയെന്നാണ് ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചാനൽ ആരോപിക്കുന്നത്. എം.കെ രാഘവനെതിരായ ആരോപണം നിഷേധിച്ച അദ്ദേഹം ചീഫ് ഇലക്ഷൻ കമ്മിഷണറർക്കും വരണാധികാരിയായ കോഴിക്കോട് ജില്ല കളക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
വ്യാജ വീഡിയോയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് എം.കെ. രാഘവൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് കാലമായി തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചരണമുണ്ടായിട്ടുണ്ട്. ഈ വീഡിയോ കൃത്രിമമായി എഡിറ്റ് ചെയ്താണ് നൽകിയിട്ടുള്ളത്. ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ തയാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുൻ എം.പി മഹാബൽ മിശ്ര, ജയ്പൂർ സിറ്റി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മഹാബൽ മിശ്ര, ജയ്പൂർ സിറ്റി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജ്യോതി ഖണ്ഡേൽവാൾ, സമാജ്‌വാദി പാർട്ടി എം.പിമാരായ പ്രവീൺ നിഷാദ്, നാഗേന്ദ്ര സിങ് പട്ടേൽ, ആം ആദ്മി പാർട്ടി എം.പി സാധു സിങ്, എ.ഐ.ഡി.യു.എഫ് എം.പി രാധേശ്യാം ബിശ്വാസ്, ജൻ അധികാർ പാർട്ടി എം.പി പപ്പുയാദവ്, ആർ.ജെ.ഡി എം.പി സഫ്രാസ് ആലം, എൽ.ജെ.പി എം.പി രാമചന്ദ്ര പാസ്വാൻ, ശിരോമണി അകാലി ദൾ എം.പി ഷേർസിങ് ഗുബായ, സ്വതന്ത്ര ലോക്സഭാംഗം നാബാ ഹിരാകുമാർ എന്നിവരാണ് ഒളിക്യാമറയിൽ കുടുങ്ങിയ മറ്റ് നേതാക്കൾ.