demonetization

ന്യൂഡൽഹി: മോദി സർക്കാരിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളിൽ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാൽ കള്ളപ്പണക്കാരെ തകർക്കാനുള്ള ശ്രമമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ നോട്ട് നിരോധനത്തിന് ശേഷം 88ലക്ഷം പേർ നികുതി അടയ്ക്കുന്നത് നിറുത്തിവച്ചതായി പുതിയ റിപ്പോർട്ടുകൾ പുറത്ത്.

നോട്ട് നിരോധനത്തിന് ശേഷം നികുതിദായകരുടെ എണ്ണം വർദ്ധിച്ചു എന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ സർക്കാരിന്റെ വാദങ്ങൾ പൊളിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനത്തോടെ 2016ൽ 88ലക്ഷം പേർ റിട്ടേൺ നൽകിയിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2015-16ൽ നികുതി അടക്കാത്തവർ 8.56 ലക്ഷം പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2013 മുതൽ നികുതി റിട്ടേൺ നൽകുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ൽ മാത്രമാണ് ഇതിൽ ഉയർച്ചയുണ്ടായിരിക്കുന്നത്. നോട്ട് നിരോധനം കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകർച്ച മൂലം പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചു. ഇതുമൂലം ചിലരെങ്കിലും റിട്ടേൺ നൽകുന്നത് നിറുത്തി എന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ നികുതി വകുപ്പ് തയ്യാറായിട്ടില്ല. നരേന്ദ്രമോദി സർക്കാറിന്റെ സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോർട്ടുകളും നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. നോട്ടു നിരോധനത്തിന്റെ പരിണിത ഫലമായി സേവനമേഖലയിലെ ലാഭത്തിൽ 114.5ശതമാനം നഷ്ടമുണ്ടായതായതാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 2017 അഗസ്റ്റ് 11ആം തീയതി പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ടായിരുന്നു ആദ്യം പുറത്ത് വന്നത്.