വാഷിംഗ്ടൺ: ഇന്ത്യയുടെ മിഷൻ ശക്തിയെ കുറിച്ച് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ നടത്തിയ വിമർശനം അസ്ഥാനത്തുള്ളതാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡീനോ വ്യക്തമാക്കി. "ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയും അമേരിക്കയും നല്ല സഹകരണത്തിലാണ് പോകുന്നത്. ഇത്തരം പരീക്ഷണങ്ങൾ വിവരസാങ്കേതിക രംഗത്തും കമ്യൂണിക്കേഷൻ രംഗത്തും വലിയ സംഭാവനകളാണ് ലോകത്തിനു നൽകിയിരിക്കുന്നത്.
പ്രതിരോധ രംഗത്തും ഇത്തരം പരീക്ഷണങ്ങൾ അതതു രാജ്യങ്ങൾ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. അതിന്റെ പ്രശ്നങ്ങളെക്കുറിച്ച് അന്നു തന്നെ അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു"-പല്ലാഡീനോ പറഞ്ഞു. മിഷൻ ശക്തി എന്നു പേരിട്ട മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈൽ ഉപയോഗിച്ച് തകർത്തതു ഭയാനകമായ നടപടിയാണെന്നാണ് നാസ തലവൻ ജിം ബ്രൈഡന്സ്റ്റൈന് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.