shoba-surendran

തിരുവനന്തപുരം: പത്തനംതിട്ട ബി.ജെ.പി സ്ഥാനാത്ഥി കെ.സുരേന്ദ്രന് പിന്നാലെ ആറ്റിങ്ങൽ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രികയിലും ഗുരുതര പിഴവ്. പത്രികയിൽ സമർപ്പിച്ച കേസുകളുടെ എണ്ണത്തിൽ തെറ്റ് പറ്റിയതിനെ തുടർന്ന് വീണ്ടും സമർപ്പിച്ചു. ശോഭയ്‌ക്കെതിരെ 27 കേസുകൾ കൂടിയുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് ചൊവ്വാഴ്ച നൽകിയ പത്രിക പിൻവലിച്ച് പുതിയ പത്രിക നൽകിയത്. വരണാധികാരിയായ കളക്ടർ വാസുകിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്.

നേരത്തെ സുരേന്ദ്രനും സമാനമായ പ്രശ്നം നേരിട്ടിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളിൽ പ്രതിയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സംബന്ധിച്ച അനിശ്ചിതത്വമുണ്ടായത്. നേരത്തെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഴുവൻ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സത്യവാങ്മൂലത്തിനെതിരെ സൂക്ഷ്‌മപരിശോധന സമയത്ത് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ പത്രിക തള്ളിപ്പോകാൻ തന്നെ അത് ഇടയാക്കുമെന്നാണ് വിവരം. ഇങ്ങനെയൊരു അപകടം നേരിടാൻ പുതിയ പത്രിക നൽകാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. പുതിയ കേസുകളുടെ വിവരങ്ങൾ അടങ്ങിയ പത്രികയാകും സമർപ്പിക്കുക.

അതേസമയം,​ ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ. സമ്പത്തും യു. ഡി. എഫ് സ്ഥാനാർഥി അടൂർ പ്രകാശും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.