തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 12ന് തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
കേരളത്തിൽ സീറ്റുറപ്പിക്കാൻ പ്രധാനമന്ത്രിയുടെ വരവോടെ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി കേരള ഘടകം. പ്രചാരണത്തിൽ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ച് ഏതുവിധേനയും സീറ്റുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ബി.ജെ.പിക്ക് ഉള്ളത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ പ്രചാരണ പദ്ധതികൾക്ക് ആക്കം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രണ്ടാം മണ്ഡലമായ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ബി.ജെ.പി തന്റെ മുഖ്യ ശത്രുവാണെന്നും സി.പി.എമ്മിന്റെ വിമർശനങ്ങളെ സന്തോഷപൂർവം നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.