priyanka

വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വയനാട്ടിലെ ജനങ്ങൾ രാഹുലിനെ കൈവിടരുത് നിങ്ങൾക്ക് അയാളെ വിശ്വസിക്കാം എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

‘എന്റെ സഹോദരൻ, എന്റെ നല്ലൊരു സുഹൃത്ത്, അതിലേറെ എനിക്കറിയാവുന്ന ഏറ്റവും ധൈര്യശാലിയായ ആൾ. അവനെ വിശ്വസിക്കുക, അവൻ നിങ്ങളെ കൈവിടില്ല,’ പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുൽ പത്രിക സമർപ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ്‌ ചെയ്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. രാഹുൽ ഗാന്ധിയുടെ പിന്നിൽ നിന്ന് എടുത്തിരിക്കുന്ന ചിത്രം പ്രിയങ്ക തന്നെ എടുത്തതാകാനാണ് സാദ്ധ്യത.

My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T

— Priyanka Gandhi Vadra (@priyankagandhi) April 4, 2019

പ്രിയങ്ക ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ ഹെലികോപ്ടറിലാണ് രാഹുൽ വയനാട്ടിലെത്തിയത്. യു.ഡി.എഫ് നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് വയനാട്ടിൽ നിന്ന് മടങ്ങിയത്. രാഹുലിന്റെ റോഡ് ഷോയിൽ പങ്കെടുക്കാനായി നിരവധി പ്രവർത്തകരാണ് കൽപ്പറ്റയിൽ എത്തിച്ചേർന്നത്.