cm-

കൊല്ലം: 483 പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന്റെ കാരണം ഡാം തുറന്നു വിട്ടതാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രളയം പ്രതിരോധിക്കുന്നതിൽ ഡാമുകൾ പൂർണ സജ്ജരായിരുന്നെന്നും റിപ്പോർട്ട് തള്ളാനും കൊള്ളാനും കോടതിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഡാമുകൾ തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ അഭിപ്രായം അമിക്കസ് ക്യൂറി തേടിയിട്ടില്ല. സാമാന്യ യുക്തിക്കും വസ്തുതകൾക്കും നിരക്കുന്നതല്ല റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമിക്കുന്നത്. ഈ റിപ്പോർട്ട് വലിയ ചർച്ചയാക്കേണ്ടതില്ല. ഡാമുകൾ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അപ്രതീക്ഷിതമായി എത്തിയ വെള്ളം ഡാമുകൾ തടഞ്ഞുനിർത്തി- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികാരിക്കാനില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.