അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സയിദ് മെഡൽ.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം നൽകുന്നതെന്ന് സയിദ് അൽ നഹ്യാൻ പറഞ്ഞു.
മികച്ച രാഷ്ട്രത്തലവന്മാർക്ക് യു.എ.ഇ പ്രസിഡന്റ് നൽകുന്ന പരമോന്നത ആദരമാണ് സയിദ് മെഡൽ. യു.എ.ഇ യുടെ ഏറ്റവും അടുത്ത സുഹൃത്താണ് നരേന്ദ്ര മോദിയെന്നും എല്ലാ ഇസ്ലാമിക് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഇപ്പോൾ അടുത്ത ബന്ധമാണുള്ളതെന്നും നഹ്യാൻ ട്വീറ്റ് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് നേതാവ് നിക്കോളാസ് സർക്കോസി, ജർമൻ ചാൻസലർ അംഗല മെർക്കൽ തുടങ്ങിയവരാണ് ഇതിനു മുൻപ് സയിദ് മെഡലിന് അർഹരായ പ്രമുഖർ. പ്രധാനമന്ത്രിയായ ശേഷം മോദി രണ്ട് തവണ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സയിദ് അൽ നഹ്യാൻ ഒരു തവണ ഇന്ത്യയും സന്ദർശിച്ചു.