അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡൽ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തുടങ്ങിയവർക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിറുത്തിയാണ് ബഹുമതി.
ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് പറഞ്ഞു. സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡൽ സമ്മാനിക്കുന്നതിലൂടെ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നരേന്ദ്രമോദി രണ്ട് തവണ യു.എ.ഇ സന്ദർശിച്ചിരുന്നു. ഒടുവിലത്തെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളും ഒപ്പുവച്ചിരുന്നു.