കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് താരം വിവേക് ഒബ്‌റോയി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥപറയുന്ന ചിത്രത്തിൽ മോദിയായി വേഷമിടുന്നത് വിവേകാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിനെതിരെയുള്ള പരിഹാസം.
മോദിയായതിന് പിന്നാലെ എന്നാണ് രാഹുൽ ഗാന്ധിയാകുന്നതെന്ന ചോദ്യത്തിന് അത്രത്തോളം ശ്രദ്ധാർഹമായ എന്ത് കാര്യമാണ് അദ്ദേഹം ചെയ്‌തിട്ടുള്ളതെന്നായിരുന്നു വിവേകിന്റെ മറുചോദ്യം. രാഹുലിന്റെ ജീവിതമാണ് കഥയെങ്കിൽ സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും തായ്ലൻഡിൽവേണ്ടി വരുമെന്നും രാഹുലിനെ ട്രോളി വിവേക് ഒബ്‌റോയി പറഞ്ഞു.
തന്റെ സിനിമയ്‌ക്കോ റിലീസിനോ വരാൻ പോകുന്ന തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും വിവേക് വ്യക്തമാക്കി. ''എനിക്കെപ്പോഴാണോവേണ്ടത് അപ്പോൾ സിനിമ റിലീസ് ചെയുക എന്നത് എന്റെ അവകാശമാണ്. അവരവർക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. അവർ അത് റിലീസ് ചെയ്യുമ്പോൾ അത് കാണണോ സ്വീകരിക്കണോ എന്നതെല്ലാം പ്രേക്ഷകരുടെ അവകാശമാണ്. ദീപാവലിക്കും ഈദിനുമെല്ലാം എന്തുകൊണ്ടാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് എന്ന് ഏതെങ്കിലും താരങ്ങളോട് ചോദിച്ചിട്ടുണ്ടോ.' വിവേക്‌ചോദിക്കുന്നു.
അതേസമയം ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവച്ചു. ഈ മാസം പന്ത്രണ്ടിലേക്കാണ് റിലീസ് മാറ്റിവച്ചത്.നേരത്തെ ഏപ്രിൽ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.