റിപ്പോ നിരക്ക് കാൽ ശതമാനം കുറഞ്ഞു ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശ കുറയും
കൊച്ചി: വായ്‌പാ ഇടപാടുകാർക്ക് ആശ്വാസം പകർന്ന് റിസർവ് ബാങ്ക് വീണ്ടും മുഖ്യപലിശ നിരക്കുകൾ കുറച്ചു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് കാൽ ശതമാനം താഴ്‌ത്തി ആറു ശതമാനമായാണ് കുറച്ചത്. 2010ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിപ്പോ കുറഞ്ഞതിനാൽ വൈകാതെ വായ്‌പാപലിശ കുറയ്‌ക്കാൻ ബാങ്കുകൾ തയ്യാറാകും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശ കുറയും. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കേ, പലിശ തുടർച്ചയായി കുറച്ച റിസർവ് ബാങ്കിന്റെ നടപടി കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാണ്.
ബാങ്കുകൾ റിസർവ് ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോയും കാൽ ശതമാനം കുറച്ചു. ആറ് ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് ഇതു കുറഞ്ഞത്. ഇതോടെ, ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറയാനും വഴിയൊരുങ്ങി. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന അടിയന്തര വായ്‌പയുടെ പലിശയായ മാർജിനൽ സ്‌റ്രാൻഡിംഗ് ഫെസിലിറ്രി (എം.എസ്.എഫ്) നിരക്ക് 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കി. ഇത്, വായ്‌പാ വിതരണം വർദ്ധിക്കാനും വിപണിയിലേക്ക് കൂടുതൽ പണമൊഴുകാനും സഹായിക്കുന്ന നീക്കമാണ്.
അതേസമയം, കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനത്തിലും സർക്കാർ കടപ്പത്രങ്ങളിലും സ്വർണത്തിലും ബാങ്കുകൾ നിർബന്ധമായും നടത്തേണ്ട നിക്ഷേപത്തിന്റെ നിരക്കായ സ്‌റ്രാറ്ര്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എൽ.ആർ) 19.25 ശതമാനത്തിലും നിലനിറുത്തി.