കോഴിക്കോട് വിക്രം മൈതാനത്തു നിന്ന് ഹെലികോപ്‌ടറിൽ രാഹുൽ ഗാന്ധി കല്‌പറ്റയ്‌ക്കു പുറപ്പെടുമ്പോൾ സ്‌മൃതി ഇറാനി ഡൽഹിയിൽ നിന്ന് അമേതിയിലേക്കുള്ള യാത്രയിലായിരുന്നു. രാഹുൽ വയനാട് ജില്ലാ കളക്‌ടർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്‌മൃതി അമേതിയിലെത്തി പ്രസംഗം തുടങ്ങിയിരുന്നു. അമേതിയിൽ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായ സ്‌മൃതിയുടെ വാക്കുകൾ പതിവിലും പരുഷം.
വയനാട്ടിൽ നിന്നു കൂടി മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് അമേതിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നായിരുന്നു ഇന്നലെ സ്‌മൃതിയുടെ പ്രധാന ആക്ഷേപം. "എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രകടനം കാണണമെങ്കിൽ വയനാട്ടുകാർ അമേതിയിൽ വരണം. പതിനഞ്ചു വർഷം അമേതി എം.പിയായി തുടർന്ന് വോട്ടർമാരെ വഞ്ചിച്ച രാഹുൽ ഇപ്പോൾ വയനാട്ടുകാരെ കബളിപ്പിക്കാൻ പുറപ്പെട്ടിരിക്കുന്നു. അമേതിയോടുള്ള അവഗണനയ്‌ക്ക് ഇവിടത്തെ വോട്ടർമാർ മാപ്പു നൽകില്ല." പൊരിവെയിലിൽ സ്‌മൃതി കത്തിക്കയറുകയായിരുന്നു.
2004-ൽ രാഹുലിന്റെ ആദ്യമത്സരം അമേതിയിലായിരുന്നു. പിന്നീട് രണ്ടു തവണ കൂടി അദ്ദേഹം അമേതിയിൽ നിന്നു തന്നെ എം.പി ആയി. അമേതിക്കു പുറത്ത് രാഹുൽ മറ്റൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കുന്നത് ഇത്തവണ. 2004-ൽ 2,90,853 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ രാഹുൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3,70,198 ആയി ഉയർത്തി. അമേതിയിൽ രാഹുലിനെ പിടിച്ചുകെട്ടാൻ ബി.ജെ.പി കഴിഞ്ഞ തവണ ഇറക്കിയത് സ്‌മൃതി ഇറാനിയെ ആയിരുന്നു. പാർട്ടി ഏല്‌പിച്ച ജോലി സ്‌മൃതി നന്നായി ചെയ്‌തു. ഫലം, രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. സ്‌മൃതി ഒരു ചെറിയ മീനല്ലെന്ന് ചുരുക്കം.
രാഹുലിന്റെ വയനാടൻ സ്ഥാനാർത്ഥിത്വം പ്രമാണിച്ച് സ്‌മൃതി അമേതിയിൽ രണ്ടു ദിവസത്തെ പ്രചാരണത്തിലാണ്. 'തോറ്റ എം.പി ' ആണെങ്കിലും സ്‌മൃതി കഴിഞ്ഞ അഞ്ചു വർഷം അമേതിയിലെ പതിവു സന്ദർശക. പ്രസംഗങ്ങളിൽ മോദി സർക്കാരിന്റെ വികസന പദ്ധതികൾക്ക് വേണ്ടത്ര പ്രചാരണം നൽകും. അമേതിയിൽ, ആധുനിക ആയുധ നിർമ്മാണ ഫാക്‌ടറി അനുവദിച്ചതിനും, അതിനു തറക്കല്ലിടാൻ മോദിയെത്തന്നെ എത്തിച്ചതിനും പിന്നിൽ സ്‌മൃതി തന്നെ. തറക്കല്ലിടാനെത്തിയ മോദി, പ്രസംഗത്തിനിടെ അമേ
തിയിലെ പ്രവർത്തനങ്ങളുടെ പേരിൽ സ്‌മൃതി ഇറാനിയെ വേണ്ടത്ര പുകഴ്‌ത്തുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പു
മുന്നിൽക്കണ്ടു തന്നെയായിരുന്നു എല്ലാമെന്ന് വ്യക്തം. അമേതിയിൽ ഇക്കുറി വിജയം ഉറപ്പില്ലാത്തതുകൊണ്ടാണ് രാഹുൽ രണ്ടാം മണ്ഡലം തേടിയതെന്നാണ് ബി.ജെ.പിയുടെ വ്യാഖ്യാനം. വയനാട്ടിൽ നിന്ന് രാഹുലും പ്രിയങ്കയും കൂടി അമേതിയിൽ പ്രചാരണത്തിന് എത്തുമ്പോഴേക്കും അവിടത്തെ മണ്ണ് ശരിക്കുമൊന്ന് ഉഴുതുമറിച്ചിടുകയാണ് ബി.ജെ.പിയുടെ ഉന്നം. സ്‌മൃതിയാകട്ടെ, അതിന് മിടുക്കിയും.