കല്പറ്റ: വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയ്‌ക്കിടെ ട്രക്കിൽ നിന്ന് വീണ് പരിക്കേറ്റ മാദ്ധ്യമപ്രവർത്തകരെ പരിചരിക്കാൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഓടിയെത്തി. ബോധരഹിതനായി കിടന്ന മാദ്ധ്യമ പ്രവർത്തകന് പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെ ഷൂ പ്രിയങ്ക അഴിച്ചെടുത്ത് കൈയിൽ പിടിച്ചിരുന്നു. ഇരുവരുടെയും കരുതലും പരിചരണവും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ ട്രക്കിന്റെ പ്രത്യേകം വെൽഡ് ചെയ്ത് പിടിപ്പിച്ച കൈവരി തകർന്നാണ് അപകടം ഉണ്ടായത്.
കേരളകൗമുദി ഫോട്ടോഗ്രാഫർ മനു മംഗലശേരി, ഇന്ത്യ എഹെഡ് കേരള ചീഫ് റിപ്പോർട്ടർ റിക്‌സൻ ഉമ്മൻ, മനോരമ ഫോട്ടോഗ്രാഫർ ആർ.എസ്. ഗോപൻ, ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയ, എ.എൻ.ഐയുടെ ലേഖകൻ എന്നിവർക്കാണ് പരിക്കേറ്റത്. റോഡ് ഷോ സമാപിക്കുന്നതിന് അല്പം മുൻപായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ റിക്‌സണ് ദേഹാസ്വാസ്ഥ്യം മൂലം എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അപകടം കണ്ട രാഹുലും പ്രിയങ്കയും തങ്ങളുടെ സുരക്ഷ പോലും നോക്കാതെ റോഡ് ഷോയ്ക്കായി ഒരുക്കിയ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി. മോഹാലസ്യപ്പെട്ട് നിലത്ത് കിടന്ന റിക്സണിന്റെ അരികിലേക്ക് പ്രിയങ്ക എത്തി. പിന്നാലെ രാഹുലും. പരിക്കേറ്റവർക്ക് വെള്ളം നൽകി. പൊലീസിന്റെയും പ്രവർത്തകരുടെയും എസ്.പി.ജിയുടെയും സഹായത്തോടെ പ്രാഥമിക ശുശ്രൂഷയും നൽകി. അതിനിടെ റിക്‌സണിന്റെ ഷൂ പ്രിയങ്ക അഴിച്ചെടുത്ത് കൈയിൽ പിടിച്ചു. ഉടൻ ആംബുലൻസ് എത്തിക്കാനും നിർദ്ദേശിച്ചു. റിക്‌സണെ സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റുന്നതിന് രാഹുലും സഹായിച്ചു. ആൾത്തിരക്കിൽ കൈയിൽ നിന്ന് താഴെ വീണ ഷൂ പ്രിയങ്ക തന്നെ എടുത്ത് സ്‌ട്രെച്ചറിനൊപ്പം നടന്ന് ആംബുലൻസിലെത്തിച്ചു.