തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥികളെല്ലാം തിരക്കോട് തിരക്കാണ്. എരിയുന്ന ചൂടിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം ശക്തമാക്കി ഓരോ വോട്ടും പെട്ടിയിലാക്കാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്. ഇതിനിടെ ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ദിവാകരൻ തന്റെ ചെറുപ്പകാലത്തെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. സ്കൂൾ ജീവിതത്തിലെ കയ്പ്പു നിറഞ്ഞ ഓർമ്മകൾ ദിവാകരൻ പറയുന്നു.
വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഒരു മണിക്കൂർ നടക്കാനുണ്ട്. രാവിലെ വീട്ടിൽ ചെറിയ ആഹാരമേയുണ്ടാകൂ. ചിലപ്പോൾ അതുപോലുമുണ്ടാകില്ല. ഉച്ചയ്ക്ക് കഴിക്കാനൊന്നുമില്ലായിരുന്നു. ഒപ്പമുള്ളവർ പാത്രം തുറക്കുമ്പോൾ വേദന കടിച്ചമർത്തി ക്ലാസ് വിട്ടു പുറത്തു പോകും. ഒരു ദിവസം സാർ വന്ന് ഭക്ഷണമില്ലാത്തവർ കൈയുയർത്താൻ പറഞ്ഞു.
പലരും ദുരഭിമാനം കാരണം കയ്യുയർത്തിയില്ല, പക്ഷേ ഞാനുയർത്തി. സാർ പേരെഴുതിയെടുത്തു. സ്‌കൂളിനു താഴെയുള്ള ഷെഡിൽ റാവു ട്രസ്റ്റ് എന്ന പേരിലൊരു സംഘടന ഇനി മുതൽ ഭക്ഷണം തരുമെന്നു പറഞ്ഞു. പച്ചരിച്ചോറും കലക്കുചമ്മന്തിയും സംഭാരവുമായിരുന്നു എന്നും ഉച്ചയ്ക്ക്. അഞ്ചാം ക്ലാസ് മുതൽ 10 വരെ ഉച്ചയ്ക്ക് വിശപ്പടക്കിയത് ഇങ്ങനെയാണ്.
ചെറുപ്പകാലത്തെ വേദനകൾക്ക് ദിവാകരൻ പിന്നീട് മധുരപ്രതികാരം ചെയ്തു. ഭക്ഷ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ ഉച്ചക്കഞ്ഞി സമ്പ്രദായം നിർത്തി പകരം ഉച്ചയ്ക്ക് ഊണ് കൊടുക്കാൻ തീരുമാനിച്ചു. 35 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് താൻ പട്ടിണിയിരുന്ന അതേ എസ്.എം.വി സ്‌കൂളിൽ തന്നെ.
പര്യടനം കഴിഞ്ഞ് ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ രാത്രി 12.30 ആയെന്നു ദിവാകരൻ. ശരീരവേദന കാരണം പലപ്പോഴും രാവിലെ നേരത്തെ എഴുന്നേൽക്കാൻ കഴിയില്ല. അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ? എന്തുവന്നാലും രാവിലെ ആറിന് ഉറക്കമെണീക്കും. പര്യടനം തുടങ്ങിയതു മുതൽ രാവിലെ പത്രം വായിക്കാൻ സമയം കിട്ടുന്നില്ലെന്നതാണ് ആകെയുള്ള പരിഭവം.