mk-raghavan

കോഴിക്കോട്: തന്റെ പേരിൽ ഒരു ഹിന്ദി ചാനൽ പുറത്തുവിട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ രംഗത്ത്. തിരഞ്ഞെടുപ്പിൽ ജയിക്കാനായി എന്തും ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് എം.കെ രാഘവൻ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ ഇതിലും വലിയൊരു അപമാനം നേരിടാനില്ല. തനിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞാണ് രാഘവൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സി.പി.എം നേതൃത്വമാണ്. തനിക്കെതിരെ സി.പി.എം വ്യക്തിഹത്യയാണ് നടത്തുന്നത്. ഇന്നല്ലെങ്കിൽ നാളെ ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ഒളികാമറയിൽ കുടുങ്ങിയത് ഉയർത്തി കോഴിക്കോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്. അതിനിടെ സംഭവം ഗൗരവമായാണ് കാണുന്നതെന്നും, കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് രാഘവൻ വ്യക്തമാക്കുമ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാൻ തന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെടാൻ എം.കെ. രാഘവൻ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ചാനൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിൽ എത്തിയ ദിവസം തന്നെയാണ് ഒളികാമറ റിപ്പോർട്ട് പുറത്ത് വന്നത്.

ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തിരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനൽ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ പത്ത് മുതൽ പതിനഞ്ചേക്കർ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപ്പറേഷൻ.