റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലിൽ നാല് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യുവരിച്ചു. രണ്ടു ജവാന്മാർക്ക് പരിക്കേറ്റു. എ.എസ്.ഐ ബോറോ, കോൺസ്റ്രബിൾ രാമകൃഷ്ണൻ എന്നിവരാണ് വീരമൃത്യുവരിച്ചത്. അസിസ്റ്റന്റ് കമാൻഡന്റ് ഗോപു റാം, ഇൻസ്പെക്ടർ ഗോപാൽ എന്നിവർക്കാണ് പരിക്കേറ്റത്.
കാങ്കർ ജില്ലയിലെ മഹ്‌ലയ്ക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ആക്രമണം. പതിവ് പരിശോധനകൾക്ക് ഇറങ്ങിയ 114 ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടതെന്ന് ആന്റി–നക്സൽ ഓപ്പറേഷൻസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.സുന്ദരരാജ് പറഞ്ഞു. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ ആക്രമണത്തെ തുടർന്നു സ്ഥലത്ത് സേന ജാഗ്രത വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മേഖലയിൽ മാവോയിസ്റ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഏപ്രിൽ 18 ന് രണ്ടാം ഘട്ടത്തിലാണ് കാങ്കർ മണ്ഡലത്തിൽ വോട്ടെടുപ്പ്.