കൊച്ചി: തുടർച്ചയായ രണ്ടാംതവണയാണ് റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ കുറയ്‌ക്കുന്നത്. ഫെബ്രുവരിയിലെ എം.പി.സി യോഗത്തിലും നിരക്കുകളിൽ കാൽ ശതമാനം ഇളവ് വരുത്തിയിരുന്നു. റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ശേഷം നടന്ന, രണ്ട് എം.പി.സി യോഗങ്ങളിലും പലിശ കുറയ്‌ക്കണമെന്ന നിലപാടാണ് ശക്തികാന്ത ദാസെടുത്തത്. ഇന്നലെ ദാസിന് പുറമേ റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ പാത്ര, സ്വതന്ത്ര അംഗങ്ങളായ പാമി ദുവ, രവീന്ദ്ര ധൊലാക്കിയ എന്നിവർ പലിശയിളവിനെ അനുകൂലിച്ചു. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവണർ വിരാൽ ആചാര്യ, സ്വതന്ത്ര അംഗം ഛേതൽ ഖാട്ടെ എന്നിവർ എതിർത്തു.
കഴിഞ്ഞ ബഡ്‌ജറ്രിൽ ആദായ നികുതിയിൽ ഇളവനുവദിച്ച കേന്ദ്ര നടപടിക്ക് പിന്നാലെയാണ് ഫെബ്രുവരിയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ഒരുവട്ടംകൂടി പലിശ കുറയ്‌ക്കണമെന്ന കേന്ദ്ര സമ്മർദ്ദം ഇന്നലത്തെ എം.പി.സി യോഗത്തിലും പ്രതിഫലിക്കുകയായിരുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം പരിശോധിച്ചാണ് റിസർവ് ബാങ്ക് പ്രധാനമായും പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്. ഇത് നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഫെബ്രുവരിയിൽ റീട്ടെയിൽ നാണയപ്പെരുപ്പം 2.57 ശതമാനമായിരുന്നു എന്നതും പലിശയിളവിന് അനുകൂലമായി.
''ഇന്ധനവിലയുടെ ട്രെൻഡ് ഇപ്പോഴും അവ്യക്തമാണ്. രാജ്യത്തിന്റെ സമ്പദ്‌സ്ഥിതി സംബന്ധിച്ച് ഗൗരവമായ നിരീക്ഷണവും വേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവണം ഇപ്പോൾ മുഖ്യപരിഗണന നൽകേണ്ടത്",
ശക്തികാന്ത ദാസ്,
ഗവർണർ, റിസർവ് ബാങ്ക്
ഇ.എം.ഐ: നേട്ടം ഇങ്ങനെ
റിപ്പോ നിരക്ക് കുറച്ചത് ബാങ്ക് വായ്‌പയുടെ പലിശ ബാദ്ധ്യത കുറയാൻ സഹായകമാണ്. ഉദാഹരണത്തിന് 20 വർഷത്തേക്ക് എടുത്ത 30 ലക്ഷം രൂപയുടെ ഭവന വായ്‌പയുടെ തിരിച്ചടവിൽ ₹1ലക്ഷത്തിലേറെ കുറവ് വരും.
(എസ്.ബി.ഐയുടെ കണക്ക് പ്രകാരം)
പുതുക്കിയ നിരക്കുകൾ
പലിശയിറക്കം: എങ്ങനെ
നേട്ടം കൊയ്യാം
ഇന്ത്യ കിതയ്ക്കും
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് 7.4 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറച്ചു. സ്വകാര്യ, പൊതു ഉപഭോഗം കുറയുന്നതാണ് തിരിച്ചടിയാവുക. മാനുഫാക്‌ചറിംഗ് മേഖലയുടെ തളർച്ച, ആഗോള സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പോക്ക് എന്നിവയും ഇന്ത്യയെ വലയ്‌ക്കും.
2.4%
പലിശനിരക്ക് പരിഷ്‌കരണത്തിന്റെ മുഖ്യ മാനദണ്ഡമായ റീട്ടെയിൽ നാണയപ്പെരുപ്പം ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 2.4 ശതമാനമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. നടപ്പുവർഷത്തെ ആദ്യപകുതിയിൽ ഇത് 2.9-3.0 ശതമാനവും രണ്ടാംപകുതിയിൽ 3.5-3.8 ശതമാനവും ആയിരിക്കും.
ഓഹരികൾക്ക് അതൃപ്‌തി;
നഷ്‌ടം ₹1.46 ലക്ഷം കോടി
റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചെങ്കിലും ഓഹരി വിപണി ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് കനത്ത നിരാശയോടെ. റിപ്പോനിരക്ക് അരശതമാനമെങ്കിലും കുറയ്‌ക്കണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം. ഇളവ് കാൽ ശതമാനത്തിൽ ഒതുങ്ങിയതോടെ സെൻസെക്‌സും നിഫ്‌റ്രിയും ഇടിഞ്ഞു. രണ്ടുദിവസത്തിനിടെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 1.46 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് കുറച്ചതും നിക്ഷേപകരെ ആശങ്കപ്പെടുത്തി.
₹69.15
ഡോളറിനെതിരെ രൂപയും ഇന്നലെ തകർന്നു. 71 പൈസയുടെ നഷ്‌ടവുമായി 69.15ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്.