bjp

ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാഷ്ട്രീയ പാർട്ടികളിൽ ബി.ജെ.പി മുന്നിൽ.ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ബി.ജെ.പി പരസ്യങ്ങളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലെത്തിയത്. ഫേസ്ബുക്കിൽ 7.75 കോടി രൂപയും ഗൂഗിളിൽ 1.21 കോടി രൂപയും എന്ന കണക്കിൽ ആകെ 9 കോടി രൂപയാണ് രണ്ടുമാസത്തിനുള്ളിൽ ബി.ജെ.പി ചെലവാക്കിയത്. പ്രചാരണ പരസ്യങ്ങളുടെ കാര്യത്തിൽ ആറാംസ്ഥാനത്താണ് കോൺഗ്രസ്. വൈ.എസ്.ആർ കോൺഗ്രസും തെലുങ്കുദേശം പാർട്ടിയുമാണ് പരസ്യങ്ങൾക്കായി കൂടുതൽ തുക ചെലവിട്ട മറ്റുരണ്ടു പാർട്ടികൾ.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ബി.ജെ.പി 7.75 കോടി രൂപ ചെലവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയും ചെലവഴിച്ചു. ബി.ജെ.പിയുടെ സ്വന്തം പേരിൽ ഫേസ്ബുക്കിൽ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്. കോൺഗ്രസ് ഇതുവരെ ആകെ ചെലവിട്ടത് 5.91 ലക്ഷം രൂപയാണ്.

മൈ ഫസ്റ്റ് വോട്ട് ഫോർ മോദി എന്ന പ്രചാരണ പരിപാടിയുടെ പേരിൽ മാത്രം ബി.ജെ.പി ഫേസ്ബുക്കിന് നൽകിയത് 1.05 കോടി രൂപയാണ്. നേഷൻ വിത്ത് നമോ എന്ന പേരിൽ ചെലവാക്കിയത് 59.15 ലക്ഷം രൂപയും. വൈ.എസ്.ആർ കോൺഗ്രസിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി 4.19 ലക്ഷം രൂപ ചെലവിട്ട് ബി.ജെ.പിക്ക് പിന്നാലെയുണ്ട്.

ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാൻസ്പരൻസി റിപ്പോർട്ട് പ്രകാരം 1.21 കോടി ചെലവിട്ട് ബി.ജെ.പി 554 പരസ്യങ്ങളാണ് നല്‍കിയത്. കോൺഗ്രസ് ആറാം സ്ഥാനത്താണ്, ചെലവിട്ടത് 54,100 രൂപയും. രണ്ടാം സ്ഥാനത്ത് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസാണ്, 1.04 കോടിയാണ് ചെലവിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് വേണ്ടി ചെലവിട്ടത് 85.25 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് ടി.ഡി.പിയാണ്.