വയനാട്ടിൽ രാഹുലിന് പാരയായി രണ്ട് അപരന്മാരും! ഒരാൾ രാഹുൽ ഗാന്ധി കെ.ഇ. ആൾ സ്വതന്ത്രനാണ്. രണ്ടാമന്റെ പേരിലെ ഒരക്ഷരത്തിന് അൽപ്പം കനക്കൂടുതലുണ്ട്- രാഘുൽ ഗാന്ധി. അഖില ഇന്ത്യ മക്കൾ കഴകം സ്ഥാനാർത്ഥിയായാണ് ഇദ്ദേഹത്തിന്റെ പത്രികാ സമർപ്പണം.

ഇന്നലെ രാവിലെ 11.30 ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിയാണ് ആദ്യം പത്രിക നൽകിയത്. പ്രിയങ്ക ഗാന്ധി, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥികളായി സരിത.എസ്.നായർ, കെ.എം ശിവപ്രസാദ് ഗാന്ധി, തൃശ്ശൂർ നസീർ, ഗോപിനാഥ് കെ.വി, സിബി, അഡ്വ. ശ്രീജിത്ത് പി.ആർ എന്നിവരും ഇന്നലെ ജില്ലാ കളക്‌ടർ എ.ആർ.അജയകുമാറിന് നാമനിർദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്നലെ മാത്രം ലഭിച്ചത് ഒമ്പതു പത്രികകൾ. വയനാട് മണ്ഡലത്തിൽ ലഭിച്ച ആകെ പത്രികകളുടെ എണ്ണം 23. എപ്രിൽ എട്ട് ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.