smriti-irani-

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എപ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വോട്ടർമാർക്ക് മുന്നറിയിപ്പുമായി സ്മൃതി ഇറാനി. വോട്ട് വിനിയോഗിക്കുന്നതിന് മുമ്പ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ എം.പിയെന്ന നിലയിലുളള അമേതിയിലെ പ്രവർത്തനം ഒന്ന് വന്ന് കാണൂവെന്ന് സ്മൃതി ഇറാനി വയനാട്ടിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. അമേതിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമാണ് സ്മൃതി ഇറാനി.

15 വർഷം രാഹുലിനെ വിശ്വസിച്ച അവിടുത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് വയനാട്ടിലേക്കുളള വരവ്. അവിടെ തോൽവി ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് രാഹുൽ വന്നതെന്ന് അവർ പറഞ്ഞു. പിന്നെ എന്തുകാരണത്താലാണ് അമേതിയിൽ മത്സരിക്കാൻ രാഹുൽ ഭയപ്പെടുന്നത്. ജനം ഇനി ഒരിക്കലും വോട്ട് നൽകില്ല എന്നുള്ള ബോദ്ധ്യമാണ് വയനാട്ടിൽ കൂടി നിൽക്കാൻ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നതെന്നും സ്മൃതി പറഞ്ഞു.

രാഹുലിനും പ്രിയങ്കയ്ക്കും ടുജി സ്പെക്‌ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു .എം.പി എന്ന നിലയിൽ രാഹുലിന്റെ പ്രവർത്തനം എന്താണെന്ന് വിലയിരുത്താൻ അല്ലെങ്കിൽ അമേത്തിയിൽ നേരിട്ട് വരൂ എന്ന് അവർ പറഞ്ഞു.

അമേതിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുൽ ഒളിച്ചോടിയത്. ഇനി അമേതിയിലെ ജനങ്ങളുടെ മനസിൽ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.