ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്‌ക്കാട് എൻ. ഗോപാലകൃഷ്ണൻ നായരുടെ പ്രവചനം. യു.ഡി.എഫിന് 11 - 12 സീറ്റും എൽ.ഡി.എഫിന് 8 - 9 സീറ്റും ലഭിക്കും. 1996 മുതൽ തിരഞ്ഞെടുപ്പുകളിൽ ഫലം പ്രവചിച്ച് ശ്രദ്ധേയനാണ് ഗോപാലകൃഷ്ണൻ. യു.ഡി.എഫിന് 42 ശതമാനവും എൽ.ഡി.എഫിന് 38 ശതമാനവും എൻ.ഡി.എയ്‌ക്ക് 18 ശതമാനവും വോട്ട് ലഭിക്കും.
ലോക്സഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ല. എൻ.ഡി.എയ്‌ക്ക് 244 ഉം യു.പി.എയ്‌ക്ക് 153 ഉം സീറ്റുണ്ടാകും. ബി.ജെ.പിക്ക് 200 സീറ്റും കോൺഗ്രസിന് 102 ഉം ലഭിക്കും.
വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്), ബിജു ജനതാദൾ (ബി.ജെ.ഡി) എന്നിവയുടെ പിന്തുണയോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇവർക്ക് 42 സീറ്റുകൾ ലഭിക്കും.
വിവിധ മണ്ഡലങ്ങൾ സന്ദർശിച്ചും സുഹൃത്തുക്കളിൽ നിന്ന് ഫോൺ മുഖേന വിവരങ്ങൾ ശേഖരിച്ചുമാണ് ഗോപാലകൃഷ്ണൻ നായർ ഫലങ്ങൾ മുൻകൂട്ടി പറയുന്നത്. ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം 90 ശതമാനത്തിലേറെ ശരിയായിരുന്നു. 2012ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ വോട്ടിംഗ് നില വരെ കൃത്യമായി പ്രവചിച്ചു. ദീർഘകാലമായി ഹയർസെക്കൻഡറി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, എൻ.സി. ഇ ആർ.ടി ടീച്ചേഴ്സ് ഗൈഡ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.